ലക്‌നൗ: ഉത്തർപ്രദേശിൽ മൂന്ന് സ്ഥലങ്ങളിൽ ബോംബ് സ്‌ഫോടനം നടക്കുമെന്ന വ്യാജ സന്ദേശം ലഭിച്ചതായി പൊലീസ്. പൊലീസിന്റെ എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പറിലേക്കാണ് സന്ദേശമെത്തിയത്. ഹുസൈൻഗഞ്ച് മെട്രോ സ്‌റ്റേഷൻ, ചാർബാഗ് സ്‌റ്റേഷൻ, ആലംബാഗ് തുടങ്ങിയ സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.
ഇന്നലെ വൈകിട്ടോടെയാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്നിടങ്ങളിലും ഒരേസമയത്ത് സ്‌ഫോടനം നടക്കുമെന്നും പൊലീസിനെ വിളിച്ച അജ്ഞാതൻ പറഞ്ഞു. ഇതേത്തുടർന്ന് മൂന്നിടങ്ങളിലും പരിശോധനകൾ നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. സന്ദേശമെത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഭീകരർ ലക്ഷ്യമിടുന്നതായും പൊലീസിന് സന്ദേശം ലഭിച്ചിരുന്നു. മുംബൈ ട്രാഫിക് പൊലീസിന്റെ ഹെൽപ്പ്‌ലൈൻ വാട്‌സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശമെത്തിയത്. ബോംബ് പൊട്ടിത്തറിച്ച് പ്രധാനമന്ത്രി കൊല്ലപ്പെടുമെന്നും ഭീകരർ രാജ്യത്ത് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സന്ദേശത്തിൽ പറയുന്നു.