കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. കോരുത്തോട് കോസടിക്ക് സമീപം ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. മിനി ബസിലുണ്ടായിരുന്ന 15 പേർക്ക് പരിക്കേറ്റു.
തമിഴ്‌നാട്ടിൽ നിന്നുമെത്തിയ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനിബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ നിയന്ത്രണം വിട്ട് റോഡിലേക്ക് ഒരു വശം ചരിഞ്ഞ് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാണെന്നാണ് പ്രാഥമിക നിഗമനം.
17 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ശബരിമലയിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. പരിക്കേറ്റ തീർത്ഥാടകരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.















