ശബരിമല: ദർശനത്തിന് എത്തിയ ദിവ്യാംഗന് ഡോളി നിഷേധിച്ച് പൊലീസ്. തിരുവനന്തപുരം പാലോട് സ്വദേശി സജീവനാണ് കടുത്ത ദുരിതം നേരിട്ടത്. പമ്പയിൽ വാഹനം ഇറങ്ങിയ സ്ഥലത്തേക്ക് ഡോളി കടത്തിവിടാൻ പൊലീസ് വിസമ്മതിക്കുകയായിരുന്നു. ഒടുവിൽ റോഡിൽ കിടക്കുമെന്ന് പറഞ്ഞപ്പോളാണ് ഡോളി പോലീസ് വിട്ടതെന്ന് സജീവ് ജനം ടിവിയോട് പറഞ്ഞു.
” പതിനൊന്ന് വർഷത്തിനിടെ ആദ്യമായാണ് ഇത്തരം ഒരു അനുഭവം. മണിക്കൂറുകളോളം പമ്പയിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. 95 ശതമാനം ഭിന്നശേഷിക്കാരനാണ് ഞാൻ. സാധാരണ പമ്പയിൽ വാഹനം ഇറങ്ങുന്നിടത്ത് തന്നെ ഡോളി വരാറുണ്ട്. ഡോളി സൗകര്യം വേണമെന്ന് നിരവധി തവണ പൊലീസുകാരോട് പറഞ്ഞെങ്കിലും ആരും കേട്ടഭാവം പോലും നടിച്ചില്ല. ഡോളി ബുക്ക് ചെയ്ത് തരാമെന്ന് പറഞ്ഞ ഒരു സാറെ പിന്നെ കണ്ടതേയില്ല. ദേവസ്വം അധികൃതരെ അറിയിച്ചപ്പോഴും നടപടി ഉണ്ടായില്ല. ഒടുവിൽ തോർത്ത് വിരിച്ച് റോഡിൽ കിടക്കുമെന്ന് പറഞ്ഞാപ്പോഴാണ് ഡോളി പമ്പയിലേക്ക് കടത്തിവിടാൻ പൊലീസ് തയ്യാറായതെന്ന് സജീവൻ കൂട്ടിച്ചേർത്തു.
ഞാനും അനിയനും കൊച്ചും വാഹനം വാടകയ്‌ക്ക് വിളിച്ചാണ് ഇവിടെ വന്നത്. പമ്പ വരെ ഡോളി വന്നെങ്കിൽ മാത്രമേ എനിക്ക് അയ്യപ്പനെ കാണാൻ പറ്റൂ. അയ്യപ്പനെ കാണാൻ വന്ന ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് സർക്കാരിന്റ പുതിയ വ്യവസ്ഥകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
എല്ലാവർഷവും വാഹനം ഇറങ്ങുന്ന സ്ഥലത്ത് തന്നെ സജീവന് ഡോളി സൗകര്യം ലഭിക്കാറുണ്ട്. കസേരയിൽ ഇരിക്കാൻ പോലും സഹായം ആവശ്യമുള്ള ആളോടാണ് പൊലീസിന്റെ ക്രൂരത. ഒടുവിൽ സേവാഭാരതിയുടെ പ്രവർത്തകർ മുൻകയ്യെടുത്താണ് അദ്ദേഹത്തെ പതിനെട്ടാം പടിയുടെ അരികിൽ എത്തിച്ചത്.















