തൃശൂർ: കാളിദാസിന്റെ വിവാഹത്തിൽ പങ്കെടുത്ത്, അനുഗ്രഹിച്ച എല്ലാവരോടും നന്ദി അറിയിച്ച് ജയറാം. എത്രത്തോളം സന്തോഷമുണ്ടെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും ഗുരുവായൂരപ്പന്റെ മുന്നിൽ വച്ച് കണ്ണന്റെ വിവാഹം നടത്താൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ജയറാം പറഞ്ഞു. കാളിദാസിന്റെ വിവാഹത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയറാമും പാർവതിയും.
“വർഷങ്ങൾക്ക് മുമ്പ് 1992 സെപ്റ്റംബർ ഏഴാം തീയതിയാണ് ഗുരുവായൂരപ്പന്റെ മുന്നിൽ നിന്ന് ഞാൻ അശ്വതിയുടെ കഴുത്തിൽ താലി ചാർത്തിയത്. പിന്നീട് ഞങ്ങളുടെ കുടുംബത്തിലേക്ക് അതിഥികളായി കണ്ണനും ചക്കിയുമെത്തി. ഇപ്പോൾ ഞങ്ങൾക്ക് നാല് മക്കളാണുള്ളത്. കല്യാണം കാണാൻ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകളെത്തി, ഞങ്ങളുടെ കുട്ടികളെ അനുഗ്രഹിച്ചു.
ജയറാമിന്റെയും പാർവതിയുടെയും കല്യാണം കാണാൻ കൂടിയത് പോലെ ആ ആളുകൾ വീണ്ടും ഞങ്ങളുടെ മകന്റെ കല്യാണത്തിന് എത്തി. അമ്മമാരും സഹോദരിമാരും വന്നിട്ടുണ്ടായിരുന്നു. നന്നായിരിക്കട്ടെയെന്ന് അവർ പറയുന്നുണ്ടായിരുന്നു. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഗുരുവായൂരപ്പന്റെ നടയിൽ നിന്ന് താലി ചാർത്തി കഴിഞ്ഞാൽ പിന്നെ പ്രത്യേകിച്ച് ആഘോഷങ്ങൾ ആവശ്യമില്ല. എല്ലാ ചടങ്ങുകളും കഴിഞ്ഞു. എന്നാലും 11-ന് ഒരു ആഘോഷം ചെന്നൈയിൽ വച്ച് ഉണ്ടായിരിക്കുമെന്നും” ജയറാം പറഞ്ഞു.
ഈ വർഷം ഞങ്ങളുടെ കുടുംബത്തിൽ രണ്ട് വിവാഹനിശ്ചയങ്ങളും രണ്ട് കല്യാണവും നടന്നുവെന്നും ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എല്ലാം നന്നായിട്ട് നടത്താൻ സാധിച്ചുവെന്നും പാർവതി ജയറാം പറഞ്ഞു. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം മാത്രമാണ്. സുരേഷേട്ടൻ ഞങ്ങൾക്ക് സഹോദരനെ പോലെയല്ല, സഹോദരൻ തന്നെയാണ്. കുടുംബത്തിലെ ഒരു അംഗം തന്നെയാണ്. ഞങ്ങളുടെ മൂത്ത ചേട്ടനാണ് അദ്ദേഹമെന്നും ഇരുവരും പറഞ്ഞു.