സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും വൈറലായി ഒരു ഷേക്ക്ഹാൻഡ്. സുരാജ് വെഞ്ഞാറമൂടും ഗ്രേസ് ആന്റണിയുമാണ് ട്രോളന്മാരുടെ ഇത്തവണത്തെ ഇര. ‘എക്സട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ നടന്ന രസകരമായ സംഭവമാണ് സോഷ്യൽമീഡിയ ഇടങ്ങളിൽ വൈറലാവുന്നത്. ഷേക്ക്ഹാൻഡ് കൊടുക്കാൻ ശ്രമിക്കുന്ന സുരാജിന്റെ കൈകൾ ഗ്രേസ് ആന്റണി തട്ടി മാറ്റുന്ന വീഡിയോയാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയ്‌ക്ക് താഴെയുള്ള താരങ്ങളുടെ കമന്റുകൾ ഏറെ ശ്രദ്ധേയമാവുകയാണ്.
സദസിലേക്ക് വരുന്ന ഗ്രേസ് ആന്റണി ചിത്രത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഷേക്ക്ഹാൻഡ് കൊടുക്കുന്നുണ്ട്. ഗ്രേസ് അടുത്തെത്തിയപ്പോൾ സുരാജ് ഷേക്ക്ഹാൻഡ് കൊടുക്കാനായി കൈ നീട്ടി. എന്നാൽ സുരാജിനെ ശ്രദ്ധിക്കാതെ വേദിയിലേക്ക് നോക്കി നടന്ന ഗ്രേസ് സുരാജിന്റെ കൈ തട്ടിമാറ്റുന്നതാണ് വീഡിയോ. പിന്നീട് സുരാജിനെ കണ്ട താരം ഓടിവന്ന് ഷേക്ക്ഹാൻഡ് കൊടുക്കുന്നതും വീഡിയോയിൽ കാണാം. സുരാജിന്റെ തൊട്ടടുത്തായി ടൊവിനോ തോമസും ഇരിക്കുന്നുണ്ട്. എന്നാൽ ചില ഓൺലൈൻ മാദ്ധ്യമങ്ങൾ ഈ വീഡിയോ പ്രചരിപ്പിച്ചതോടെ സംഭവം ട്രോളായിമാറി.
പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയ്‌ക്ക് താഴെ രസകരമായി കമന്റുമായി ഗ്രേസ് ആന്റണി എത്തി. ഇതിന് പിന്നാലെ അതിന് ചുവടുപിടിച്ച് സുരാജും ടൊവിനോയും കൂടി എത്തിയപ്പോൾ വീഡിയോ വൈറലായി. സുരാജ് അഭിനയിച്ച ഒരു സിനിമയിലെ ശ്രദ്ധേയമായ ഡയലോഗ് ‘ഇത് അങ്ങനെ ഒന്നുമല്ലടാ..’ അല്ലെ സുരാജേട്ടാ എന്നാണ് ഗ്രേസ് കുറിച്ചത്. ‘ഞാൻ മാത്രമല്ല ടൊവിയുമുണ്ടെന്ന്’ സുരാജും പ്രതികരിച്ചു. ‘ബേസിലിന്റെ സംഭവത്തിന് ശേഷം ആർക്കും കൈ കൊടുക്കാറില്ല’ എന്നായിരുന്നു ടൊവിനോയുടെ മറുപടി. ഇതോടെ കമന്റ് ബോക്സിൽ ചിരിപ്പൂരമായി.
View this post on Instagram
കോഴിക്കോട് നടന്ന സൂപ്പർലീഗ് ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ ബേസിലിന് പറ്റിയ അമളിയെ പരാമർശിച്ചുകൊണ്ടായിരുന്നു ടൊവിനോയുടെ കമന്റ്. സമ്മാനദാന ചടങ്ങിൽ മെഡൽ വിതരണത്തിനിടെ ഒരു താരത്തിന് ബേസിൽ ഷേക്ക്ഹാൻഡ് കൊടുത്തപ്പോൾ അത് ശ്രദ്ധിക്കാതെ ആ താരം പൃഥ്വിരാജിനെ കൈ കൊടുത്ത വീഡിയോ ഏറെ ട്രോളായിരുന്നു.