മലപ്പുറം: വഖ്ഫ് വിഷയത്തിൽ യുഡിഎഫിൽ ഭിന്നത. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാദം തള്ളിയ ലീഗ് നേതാവ് കെ.എം ഷാജി, മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയാണെന്ന് പ്രതികരിച്ചു. മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടല്ല ലീഗിനെന്ന് ഷാജി വ്യക്തമാക്കി. മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെ, അല്ലെന്ന് പറയാൻ ആർക്കും കഴിയില്ല. വഖ്ഫ് ഭൂമി ആരാണ് വിട്ടു കൊടുത്തതെന്ന് കണ്ടെത്തണമെന്നും ഷാജി പറഞ്ഞു. മലപ്പുറം പെരുവള്ളൂർ പഞ്ചായത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ ആയിരുന്നു ഷാജിയുടെ വാക്കുകൾ.
മുനമ്പം വിഷയത്തിൽ കുറെ വിവാദങ്ങൾക്ക് സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ അഭിപ്രായം പറയുകയുണ്ടായി. മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാൽ മുസ്ലീം ലീഗിന് ആ അഭിപ്രായമില്ല. ഫാറൂഖ് കോളേജ് അധികൃതർ പറയുന്നത് അത് വഖ്ഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാൻ അവർക്ക് എന്ത് അധികാരമാണുള്ളത്. മുനമ്പം വിഷയത്തിലെ യഥാർത്ഥ പ്രതികളാരാണ്? അവിടെ ഭൂമി വിലയ്‌ക്ക് വാങ്ങി പാർക്കുന്ന പാവം മനുഷ്യരല്ല. അവർക്ക് ഭൂമി നൽകിയത് ആരാണ്? മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന് പറയാൻ ഫാറൂഖ് കോളേജിന് ആരാണ് അധികാരം നൽകിയത്.? – കെ എം ഷാജി ചോദിച്ചു.















