റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന ഉത്തരവ് വൈകും. റിയാദ് ക്രിമിനൽ കോടതിയിൽ വാദം പൂർത്തിയായെങ്കിലും മോചന ഉത്തരവ് ഉണ്ടാകാതിരുന്നതോടെയാണ് നടപടി വൈകുമെന്ന് വ്യക്തമായത്. വരുന്ന സിറ്റിംഗിൽ കേസ് പൂർത്തിയാകുമെന്ന് പ്രതിക്ഷിക്കുന്നതായി റഹീം നിയമസഹായ കമ്മിറ്റി അറിയിച്ചു.
സൗദി ബാലന്റെ കൊലപാതക കേസിൽ അകപ്പെട്ടായിരുന്നു അബ്ദുൾ റഹീം സൗദി ജയിലാകുന്നത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയുള്ള വാർത്തയാണ് തേടിയെത്തിയത്. റിയാദ് ക്രിമിനൽ കോടതിയിൽ വാദം പൂർത്തിയായെങ്കിലും മോചന ഉത്തരവ് ഉണ്ടായില്ല.
പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച വാദങ്ങൾ ഖണ്ഡിച്ച് സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിക്കുകയും വിധി പറയാൻ കേസ് മാറ്റുകയും ചെയ്തു. ചില സാങ്കേതിക കാരണങ്ങളാലാണ് കേസ് മാറ്റിവച്ചതെന്നും അടുത്ത സിറ്റിംഗിൽ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും നിയമസഹായ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
2006ലാണ് കൊലക്കേസിൽപ്പെട്ട് റഹീം അറസ്റ്റിലാകുന്നത്. റഹീം ഡ്രൈവറായി ജോലി ചെയ്തിരുന്ന വീട്ടിലെ കുട്ടിയായിരുന്നു കൊല്ലപ്പെട്ടത്. രോഗിയായിരുന്ന സൗദി ബാലൻ മുഖത്തേക്ക് തുടരെ തുടരെ തുപ്പിയത് തടയുക മാത്രമാണ് ചെയ്തതെന്ന് റഹിം പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ റഹീമിന്റെ കൈ തട്ടി കുട്ടിയുടെ മുഖത്ത് ഘടിപ്പിച്ചിരുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ തെറിച്ചു പോയതാണ് മരണകാരമെന്നാണ് പൊലീസ് വാദിച്ചത്. ഇതോടെ അബ്ദുൽ റഹീമിന് കോടതി വധശിക്ഷ വിധിച്ചു.
വധശിക്ഷ ഉറപ്പായ ഘട്ടത്തിലാണ് കൊല്ലപ്പെട്ട ബാലന്റെ കുടുംബവുമായി അനുരഞ്ജനത്തിന് ശ്രമം ആരംഭിച്ചത്. ദയാധനമായി 34 കോടി രൂപ നൽകാമെന്ന് സമതിച്ചതോടെയാണ് കുടുംബം മാപ്പ് നൽകി. അബ്ദുൾ റഹീമിന്റെ മോചന ദ്രവ്യം സ്വരൂപിക്കുന്നതിനായി മലയാളികൾ ഒറ്റക്കെട്ടായി നിന്ന് 34 കോടി സമാഹരിച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ റഹീമിന്റെ മോചനം വൈകുന്നതിൽ ആശങ്കയിലാണ് കുടുംബം.