ഏഷ്യാകപ്പിൽ ഒരിക്കൽ കൂടി ബംഗ്ലാദേശിന് മുന്നിൽ അടിയറവ് പറഞ്ഞ് ഇന്ത്യ. ഫൈനലിൽ 59 റൺസിനാണ് നീലപ്പടയുടെ തോൽവി. ഉഗ്രൻ ജയത്തോടെ U19 ഏഷ്യാകപ്പ് കിരീടം നിലനിർത്താനും അവർക്കായി. ബംഗ്ലാദേശ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 35.2 ഓവറിൽ 139 റൺസിന് പുറത്താവുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ ഇഖ്ബാൽ ഹൊസൈൻ ഇമോനും അസിസുൾ ഹക്കീമും ചേർന്നാണ് ഇന്ത്യയെ തകർത്തത്. അൽ ഫഹദ് രണ്ടു വിക്കറ്റ് വീഴ്‌ത്തി.ബംഗ്ലാദേശിന്റെ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഇന്ത്യൻ ബാറ്റിംഗ് നിര തകരുന്നതാണ് കണ്ടത്. ഇടവേളകളിൽ അവർ വിക്കറ്റ് പിഴുതതോടെ ഇന്ത്യക്ക് നല്ലൊരു കൂട്ടുകെട്ട് ഉയർത്താൻ പോലും സാധിച്ചില്ല. ഇഖ്ബാല്‍ ഹൊസൈന്‍ ഇമോന്‍ ആണ് കളിയിലെയും ടൂർണമെന്റിലെയും താരം
ഇന്ത്യൻ നിരയിൽ 26 റൺസ് നേടിയ ക്യാപ്റ്റൻ അമാൻ അണ് ടോപ് സ്കോറർ. ഹാർദിക് രാജ് 24 റൺസ് നേടിയപ്പോൾ ആൻഡ്രേ സിദ്ധാർത്ഥ് (20), കാർത്തികേയ(21), ചേതൻ ശർമ(10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. വൈഭവ് സൂര്യവംഷി 9 റൺസുമായി പുറത്തായി.നേരത്തെ 47 റൺസെടുത്ത റിസാൻ ഹൊസ്സൻ 40 റൺസെടുത്ത മൊഹമ്മദ് ഷിഹാബ് 39 റൺസ് നേടിയ ഫരിദ് ഹസൻ എന്നിവരാണ് ബംഗ്ലാദേശിനെ തകർച്ചയിൽ നിന്ന് കരകയറ്റി പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി യുദ്ധജിത് ഗുഹ, ചേതൻ ശർമ, ഹാർദിക് രാജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.