ഉർവ്വശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ഞായറാഴ്ച്ച ഇടുക്കി, ചെറുതോണിയിൽ ആരംഭിച്ചു. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന്റെ കാലിനു പരിക്കേറ്റതോടെയാണ് ചിത്രം ബ്രേക്ക് ചെയ്തത്. അമ്പതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ശേഷിക്കുന്നത്.
ചിത്രത്തിലെ നിർണായകമായ രംഗങ്ങളും, ആക്ഷനുകളുമൊക്കെ ഈഷെഡ്യൂളിൽ ചിത്രീകരിക്കുന്നുണ്ടന്ന് നിർമ്മാതാവ് സന്ധീപ് സേനൽ പറഞ്ഞു.ഇതിനിടെ പൃഥ്വിരാജ് എമ്പുരാൻ പൂർത്തിയാക്കിയിരുന്നു. അതിനു ശേഷമാണ് പൃഥ്വിരാജ് വിലായത്ത് ബുദ്ധയിൽ ജോയിൻ ചെയ്തത്.
ചെറുതോണിയിലും മറയൂരിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കുന്നത്. മറയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘർഷഭരിത മാക്കുന്ന ചന്ദന മോഷ്ടാവ് ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷമ്മി തിലകനാണ് ഭാസ്ക്കരൻ മാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുമോഹൻ, തമിഴ് നടൻ ടി.ജെ. അരുണാചലം,, രാജശീ നായർ, എന്നിവരും പ്രധാന താരങ്ങളാണ്.പ്രിയംവദാ കൃഷ്ണനാണു നായിക.ജെക്സ് ബിജോയിയുടെതാണ്സംഗീതം. .