മോസ്‌കോ: ദമാസ്‌കസ് വിമതർ കയ്യടക്കിയതോടെ സിറിയയിൽ നിന്ന് പലായനം ചെയ്ത പ്രസിഡന്റ് ബാഷർ അൽ അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയതായി വിവരം. ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള വിമതർ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് മണിക്കൂറുകൾക്കുള്ളിൽ ബാഷർ അൽ അസദും കുടുംബവും മോസ്‌കോയിലെത്തിയതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
” അസദും അദ്ദേഹത്തിന്റെ കുടുംബവും മോസ്‌കോയിൽ വന്നിറങ്ങി. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ റഷ്യ അവർക്ക് അഭയം നൽകിയതെന്ന് റഷ്യൻ വാർത്താ ഏജൻസികൾ പറയുന്നു. വിമതർ തലസ്ഥാനം പിടിച്ചെടുത്ത സമയത്താണ് ദമാസ്‌കസ് വിമാനത്താവളത്തിൽ നിന്നും സിറിയൻ എയർ വിമാനം പറന്നുയർന്നത്.
അസദിന്റെ അലവൈറ്റ് വിഭാഗത്തിന്റെ ശക്തികേന്ദ്രമായ സിറിയയുടെ തീരപ്രദേശത്തേക്കാണ് വിമാനം ആദ്യം പറന്നുയർന്നത്. ഇതിനിടെ പെട്ടന്ന് വിമാനം എതിർദിശിലേക്ക് തിരിയുകയായിരുന്നുവെന്നും ഏജൻസികൾ പറയുന്നു. അതേസമയം ആയുധശേഖരങ്ങൾ വിമതർ കൈവശപ്പെടുത്താതിരിക്കാൻ യുക്രെയ്ൻ, സിറിയയിൽ വ്യോമാക്രമണം നടത്തി. ആയുധശേഖര കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തുകയായിരുന്നു.
ഭീകരവാദ സംഘടനയായ അൽ-ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള സുന്നി വിഭാഗ സേനയാണ് എച്ച്ടിഎസ്. 13 വർഷമായി വിമതസേന ബാഷർ ഭരണകൂടത്തെ വീഴ്‌ത്തുന്നതിനായി ആഭ്യന്തര യുദ്ധം ചെയ്തിരുന്നു. ബാഷർ രാജ്യം വിട്ടതോടെ വിമതർ കൊട്ടാരം കൊള്ളയടിച്ചു. ജയിലിൽ കിടക്കുന്നവരെ മോചിപ്പിക്കുകയും റിസപ്ഷൻ ഹാൾ തീ ഇട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു.