ടെൽഅവീവ്: സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദ് ഭരണകൂടത്തിന്റെ തകർച്ചയെ ചരിത്രപരമായ ദിനമെന്ന് വിശേഷിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അസദ് ഭരണകൂടത്തിന്റെ പതനം ഒരേ സമയം ആശ്വാസവും അതോടൊപ്പം തന്നെ അപകടസാധ്യത ഉയർത്തുന്ന സാഹചര്യവുമാണെന്നും നെതന്യാഹു പറയുന്നു.
” മിഡിൽ ഈസ്റ്റിനെ സംബന്ധിച്ച് ഇത് ചരിത്രപരമായ ദിവസമാണ്. അസദ് ഭരണകൂടത്തിന്റെ തകർച്ച, സ്വേച്ഛാധിപത്യത്തിനേറ്റ തിരിച്ചടിയാണ്. ഒരേസമയം ആശ്വാസവും എന്നാൽ അപകടം നിറഞ്ഞതുമായ അവസ്ഥയാണത്. രാജ്യത്തിന്റെ അതിർത്തിയോട് ചേർന്ന് സിറിയയിലെ ജനതയ്‌ക്ക് സമാധാനത്തിന്റെ കൈ നീട്ടുകയാണ്. അസദിന്റെ തകർച്ച അവരെ പിന്തുണയ്‌ക്കുന്ന ഹിസ്ബുള്ളയ്‌ക്കും ഇറാനുമേറ്റ വലിയ തിരിച്ചടിയാണ്. സ്വേച്ഛാധിപത്യത്തിൽ നിന്ന് മോചിതരാകാൻ ആഗ്രഹിച്ച ഒരു ജനതയുടെ പ്രതികരണമാണിത്.
ഇസ്രായേൽ അതിർത്തിയോട് ചേർന്ന് ശത്രുക്കൾ ഈ സാഹചര്യത്തെ മുതലെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. സിറിയയിലെ പുതിയ സേനയുമായി നല്ല സമാധാനപരമായ ബന്ധം സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാത്ത പക്ഷം അതിനെ പ്രതിരോധിക്കാനും ഇസ്രായേലിന്റെ അതിർത്തികൾ സുരക്ഷിതമാക്കാനും സാധ്യമായതെന്തും ചെയ്യുമെന്നും” നെതന്യാഹു വ്യക്തമാക്കി.
സിറിയൻ ജനതയ്‌ക്ക് തങ്ങളുടെ രാഷ്‌ട്രം പുനർനിർമിക്കാൻ ലഭിച്ച ചരിത്രപരമായ അവസരമാണിതെന്നാണ് ജോ ബൈഡൻ അസദ് ഭരണകൂടത്തിന്റെ പതനത്തെ വിശേഷിപ്പിച്ചത്. ” 13 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിനൊടുവിൽ ക്രൂരമായ സ്വച്ഛോധിപത്യഭരണത്തിന് ആ നാട്ടിലെ അന്ത്യം കുറിച്ചിരിക്കുകയാണ്. നിരപരാധികളായ ലക്ഷക്കണക്കിന് സാധാരണക്കാരെയാണ് ഈ ഭരണകൂടം ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് അടിസ്ഥാന നീതിയാണ്. സിറിയയിലെ ജനങ്ങൾക്ക് വലിയ അവസരമാണ് ഇപ്പോൾ മുന്നിൽ ലഭിച്ചിരിക്കുന്നത്. തങ്ങളുടെ രാജ്യത്തിന് അഭിമാനകരമായ ഭാവി പടുത്തുയർത്താൻ ജനതയ്‌ക്ക് സാധിക്കും.
എന്നാൽ അടുത്തത് എന്ത് എന്ന ചോദ്യവും ഈ സമയവും ഉയരുന്നുണ്ട്. ഈ സംഭവവികാസങ്ങൾ ഒരേസമയം അപകടസാധ്യയുള്ളതുമാണ്. സിറിയയിൽ നല്ലൊരു മാറ്റം കൊണ്ടുവരാൻ അമേരിക്കയുടെ ഭാഗത്ത് നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും നൽകും. അസദ് ഭരണകൂടം വരുത്തിയ പാളിച്ചകൾ പുതിയ നേതൃത്വം വരുത്തില്ലെന്നാണ് കരുതുന്നത്. സിറിയയിലെ ജനങ്ങൾക്ക് പുതിയ അവസരങ്ങൾ ഇപ്പോൾ തുറന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ മേഖലയിലെ നേതാക്കളുമായി സംസാരിക്കുമെന്നും” ജോ ബൈഡൻ വ്യക്തമാക്കി.