പത്തനംതിട്ട: ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്. പമ്പ മുതൽ സന്നിധാനം വരെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഈ പ്രദേശങ്ങളിൽ പൊലീസ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. പൊലീസ്, ദേവസ്വം വിജിസൻസ് എന്നിവയുടെ 258 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
സന്നിധാനം 24 മണിക്കൂറും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾ ഉടൻ തന്നെ പരിശോധിച്ച് കൃത്യമായ നിയമനടപടി സ്വീകരിക്കും. പമ്പ മുതൽ സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങൾ ലഭിക്കുന്നതിനാൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനും ഇത് സഹായകമാകും.
ശബരിമലയിൽ ഭക്തർക്ക് സുരക്ഷിതമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനായി സജ്ജമാക്കിയ സ്വാമി ചാറ്റ്ബോട്ട് ശ്രദ്ധേയമാവുന്നുണ്ട്. തത്സമയ വിവരങ്ങൾ അറിയുന്നതിനായി ആരംഭിച്ച ചാറ്റ്ബോട്ട് ആറ് വ്യത്യസ്ത ഭാഷകളിലാണ് ലഭ്യമാകുന്നത്. കെഎസ്ആർടിസി ബസുകളുടെ സമയക്രമങ്ങൾ, മെഡിക്കൽ ആവശ്യങ്ങൾ, കാണാതായ വ്യക്തികളെ കണ്ടെത്തുന്നതിന് എന്നിവയ്‌ക്കാണ് ചാറ്റ്ബോട്ട് ഉപയോഗിക്കുന്നത്.