തിരുവനന്തപുരം: സ്‌കൂൾ കലോത്സവത്തിലൂടെ ജനശ്രദ്ധ നേടുകയും പിന്നീട് സിനിമയിലെത്തി നടിയാവുകയും ചെയ്തവരിൽ ചിലർ കേരളത്തോട് വലിയ അഹങ്കാരമാണ് കാണിക്കുന്നതെന്ന വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അവതരണം ഗാനത്തിന് നൃത്താവിഷ്‌കാരം ഒരുക്കാൻ ഒരു പ്രശസ്ത സിനിമാ നടിയെ സമീപിച്ചുവെന്നും, 10 മിനിറ്റ് ദൈർഘ്യമുള്ള നൃത്തം പഠിപ്പിക്കാൻ അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ആവശ്യപ്പെട്ടതെന്നുമാണ് ശിവൻകുട്ടി പറഞ്ഞത്. സ്‌കൂൾ കലോത്സവങ്ങളിലൂടെ പ്രശസ്തയായ നടിയാണ് ഇവരെന്നും, വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്‌ക്ക് തന്നെ ഇത് വേദനിപ്പിച്ചുവെന്നും ശിവൻകുട്ടി പറയുന്നു.
” 16,000 കുട്ടികളെ ഉൾപ്പെടുത്തിയാണ് സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന സദസ്സിൽ അവതരണഗാനവും നൃത്താവിഷ്‌കാരവും ഒരുക്കുന്നത്. ഇതിനായി 10 മിനിറ്റുള്ള ഗാനത്തിന് നൃത്തം പഠിപ്പിക്കാമോ എന്ന് ഒരു പ്രശസ്ത സിനിമാ നടിയോട് ചോദിച്ചു. അതിന് സമ്മതിച്ചെങ്കിലും, പ്രതിഫലമായി അഞ്ച് ലക്ഷം രൂപയാണ് അവർ ആവശ്യപ്പെട്ടത്. വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ ഈ സംഭവം വളരെ അധികം വേദനിപ്പിച്ചു. ഇത്രയും വലിയ തുക നൽകി നൃത്തം പഠിപ്പിക്കേണ്ട എന്ന് തീരുമാനിച്ചു.
സാമ്പത്തിക മോഹമില്ലാത്ത ധാരാളം നൃത്ത അദ്ധ്യാപകരുണ്ട്. അവരുടെ സഹായത്തോടെ സ്വാഗതഗാനത്തിന്റെ നൃത്തം വിദ്യാർത്ഥികളെ പഠിപ്പിക്കാനാണ് തീരുമാനം. സ്‌കൂൾ കലോത്സവം വഴിയാണ് അവർ സിനിമയിൽ എത്തിയത്. അങ്ങനെ ഉള്ളവർ വരുന്ന തലമുറയിലെ കുട്ടികൾക്ക് മാതൃകയാവുകയാണ് വേണ്ടത്. കുറച്ച് സിനിമയും കാശും കയ്യിൽ കിട്ടിയപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാർത്ഥികളോട് ഈ നടി അഹങ്കാരം കാണിച്ചതെന്നും” നടിയുടെ പേര് പരാമർശിക്കാതെ ശിവൻകുട്ടി പറഞ്ഞു.