പനാജി: പൊതുവേദിയിൽ ബംഗ്ലാദേശ് പതാക വലിച്ചുകീറി പ്രതിഷേധം. ബംഗ്ലാദേശിലെ ഹൈന്ദവരുടെ സംരക്ഷണത്തിനായി പോരാടണമെന്ന് പറഞ്ഞുകൊണ്ടാണ് തെലങ്കാനയിൽ നിന്നുള്ള എംഎൽഎ ടി രാജ സിംഗ് പ്രതിഷേധ സൂചനയായി ബംഗ്ലാദേശിന്റെ പതാക വലിച്ചുകീറിയത്. ഗോവയിലെ കർച്ചോറമിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞ സ്ഥലങ്ങളിലെല്ലാം മതപരിവർത്തനം നടന്നിട്ടുണ്ട്. ഗോവയിൽ 15 വർഷങ്ങൾക്ക് മുമ്പ് മൂന്ന് ശതമാനമായിരുന്നു മുസ്ലീങ്ങളുടെ എണ്ണം. എന്നാൽ ഇന്ന് അത് 12 ശതമാനമായി ഉയർന്നിരിക്കുകയാണ്. ഗോവയിൽ ക്രിസ്ത്യൻ സമുദായത്തിലുള്ളവരുടെ എണ്ണവും എന്തുകൊണ്ടാണ് കുറയുന്നതെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇത് തുടരുകയാണെങ്കിൽ പാകിസ്താനിലെ ഹിന്ദുക്കളുടെ അവസ്ഥ ഗോവയിലെ ഹൈന്ദവർക്കും ഉണ്ടാകും. അടുത്ത 20, 25 വർഷത്തിനുള്ളിൽ അത് സംഭവിക്കും. ഇന്ത്യയിലെ ജനസംഖ്യാ പ്രവണതയുടെ ദിശ കണക്കിലെടുത്ത് അടുത്ത 10 മുതൽ 20 വർഷത്തിനുള്ളിൽ രാമനവമി, ഹനുമാൻ ജയന്തി തുടങ്ങിയ ഉത്സവങ്ങൾക്ക് ഹിന്ദുക്കൾക്ക് ഘോഷയാത്രകൾ സംഘടിപ്പിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും സിംഗ് പറഞ്ഞു.
ലവ് ജിഹാദിനെതിരെ പോരാടണം. ക്രിസ്ത്യൻ സമുദായത്തിലുള്ളവരും അതിനായി മുന്നിട്ടിറങ്ങണം. അയൽരാജ്യങ്ങളിലുള്ള ഹൈന്ദവർ കൊല്ലപ്പെടുകയും ആക്രമണങ്ങൾക്ക് ഇരയാവുകയും ചെയ്യുന്നുവെന്ന് ബംഗ്ലാദേശിനെ പരാമർശിച്ചുകൊണ്ട് ടി രാജ സിംഗ് പറഞ്ഞു. ലവ് ജിഹാദിനെതിരെയുള്ള പോരാട്ടത്തിൽ ഹൈന്ദവരും ക്രിസ്ത്യാനികളും കൈകോർക്കണം. ഹൈന്ദവ- ക്രിസ്ത്യൻ സമുദായത്തിലെ സ്ത്രീകളെ വിവാഹം കഴിച്ച്, മതപരിവർത്തനം നടത്താനാണ് ശ്രമിക്കുന്നതെന്നും ടി രാജ സിംഗ് പറഞ്ഞു.
“ജിഹാദികളുടെ” ജനസംഖ്യ വർദ്ധിക്കുകയും അവരുടെ നിയമസഭാംഗങ്ങളുടെ എണ്ണം വർദ്ധിക്കുകയും ചെയ്താൽ അടുത്ത 20 മുതൽ 30 വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഒരു ഹിന്ദു പ്രധാനമന്ത്രി ഉണ്ടാകില്ല. ‘ലവ് ജിഹാദികൾ ഹിന്ദുക്കളെ മാത്രമല്ല ലക്ഷ്യമിടുന്നത്. നിങ്ങൾ കേരള സ്റ്റോറി സിനിമ കാണണമെന്ന് ഗോവയിലെ ക്രിസ്ത്യൻ സഹോദരങ്ങളോട് അപേക്ഷിക്കുന്നു. ലവ് ജിഹാദിന്റെ പേരിൽ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ എങ്ങനെ മതപരിവർത്തനം ചെയ്യുന്നുവെന്നാണ് സിനിമ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.