കൊച്ചി: ബിജെപിയിൽ വിഭാഗീയത ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില മാദ്ധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് ശോഭാ സുരേന്ദ്രൻ. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണ്. സംസ്ഥാന അദ്ധ്യക്ഷൻ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ ഓർമിപ്പിച്ചു. കോൺഗ്രസിലും സിപിഎമ്മിലും നേത്യമാറ്റം വേണോയെന്ന് ആരും പരിശോധിക്കുന്നില്ലന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പിലെ തോൽവിയാണെങ്കിലും വിജയമാണെങ്കിലും ബിജെപിക്കുള്ളിൽ ചർച്ച ചെയ്യുമെന്ന് ശോഭ വ്യക്തമാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. മുന്നോട്ട് എങ്ങനെ പോകണമെന്നത് സംബന്ധിച്ച് പാർട്ടി വിശദമായി ചർച്ച ചെയ്യും. തോൽവിയാണെങ്കിലും വിജയമാണെങ്കിലും ചർച്ച ചെയ്യപ്പെടുന്ന പാർട്ടയാണ് ബിജെപി. – ശോഭ പറഞ്ഞു.
ബിജെപിയിലെ ഓരോ നേതാക്കളും പൊതുസമൂഹത്തിന് എന്തെല്ലാം ചെയ്തുനൽകുന്നുണ്ടെന്നത് സംബന്ധിച്ച് മാദ്ധ്യമങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. അതോടൊപ്പം കേരളത്തിലെ നിയമസഭയ്‌ക്ക് അകത്ത് കാലാകാലമായി ജയിച്ചുപോകുന്നവരും അഞ്ചും പത്തും കൊല്ലം എംഎൽഎമാരായി ഇരിക്കുന്നവരും എന്തെല്ലാം ചെയ്തുവെന്നതിന്റെ സർവേ റിപ്പോർട്ട് എടുക്കാൻ കൂടി മാദ്ധ്യമങ്ങൾ ശ്രമിക്കണം. ഒരു നിയോജകമണ്ഡലത്തിൽ എത്ര രൂപ ഒരു എംഎൽഎയ്‌ക്ക് ചെലവഴിക്കാൻ സാധിച്ചു. എത്ര രൂപ ഒരു എംഎൽഎ ലാപ്സാക്കി കളഞ്ഞു. ഇതുപോലെ എംപിമാർ എന്തെല്ലാം ചെയ്തു എന്നത് പരിശോധിക്കാൻ കൂടി മാദ്ധ്യമങ്ങൾ തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു. ബിജെപി കോർ കമ്മറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു നേതാവിന്റെ പ്രതികരണം.















