ചർമ്മ സംരക്ഷണം, ആരോഗ്യ സംരക്ഷണം, മുടി വളർച്ച തുടങ്ങിയവയ്‌ക്കെല്ലാം പൊതുവെ ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങി ഒട്ടനവധി പോഷക ഘടകങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്നു. ചർമ്മ സംരക്ഷണത്തിനായി ശരീരത്തിൽ കറ്റാവാഴ ജെൽ പുരട്ടുകയും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനായി താളിയായി ഇത് ഉപയോഗിക്കുന്നവരുമുണ്ട്. ആരോഗ്യ സംരക്ഷണത്തിനായി പലരും കറ്റാർവാഴ കഴിക്കുകയും ചെയ്യാറുണ്ട്. എന്നാൽ എല്ലാതരം കറ്റാർവാഴകളും കഴിക്കാൻ അനുയോജ്യമല്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
അലങ്കാരത്തിനായി ഉപയോഗിക്കുന്ന കറ്റാർവാഴകൾ നിരവധിയുണ്ട്. ഇത്തരം സസ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കഴിക്കാനായി തെരഞ്ഞെടുക്കുന്ന കറ്റാർവാഴ നന്നായി കഴുകിയെടുത്ത ശേഷം ഇതിലെ മഞ്ഞ നിറത്തിലുള്ള ദ്രാവകം (ലാറ്റെക്‌സ്) നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. കറ്റാർവാഴയുടെ ഇരുവശത്തുമുള്ള മുള്ളുകൾ നീക്കം ചെയ്യുക. തുടർന്ന് മുകൾ ഭാഗത്തതെ പച്ചത്തൊലി നീക്കം ചെയ്ത ശേഷം ജെൽ മാത്രമായി മാറ്റിയെടുക്കുക.
ആദ്യമായാണ് കറ്റാർവാഴ കഴിക്കുന്നതെങ്കിൽ അൽപം മാത്രം കഴിക്കുക. ചില ആളുകളിൽ കറ്റാർവാഴ അലർജി പ്രശ്‌നങ്ങൾക്ക് വഴിവയ്‌ക്കും. കാറ്റാർവാഴയോട് ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്ന് മനസിലാക്കിയ ശേഷം മാത്രം ഇത് കഴിക്കുന്നത് തുടരുക. അലർജി പ്രശ്‌നങ്ങൾ പോലുള്ളവ നിങ്ങൾക്കില്ലെന്ന് കണ്ടെത്തിയാൽ ഈ ജെൽ കഴിക്കുന്നതിന്റെ അളവ് കൂട്ടാം.
സ്മൂത്തി രൂപത്തിലോ, ജ്യൂസായോ കറ്റാർവാഴ കഴിക്കാം. ജെല്ലിലേക്ക് അൽപം തേനോ, നാരങ്ങാ നീരോ ചേർത്തും കഴിക്കാവുന്നതാണ്. മാങ്ങ, പൈനാപ്പിൾ, വെള്ളരി തുടങ്ങിയവയ്‌ക്കൊപ്പം കറ്റാർവാഴയിട്ട് ജ്യൂസ് അടിച്ച് കുടിക്കാവുന്നതാണ്.















