ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ശക്തികൾക്കെതിരെ എല്ലാവരും ഒന്നിക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ഇന്ത്യാ വിരുദ്ധ നിലപാടുകളെ പിന്തുണയ്‌ക്കുന്ന ജോർജ് സോറോസ് ഫൗണ്ടേഷനുമായി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപി കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. രാജ്യം ചർച്ചചെയ്യുന്ന പ്രധാന വിഷയം കോൺഗ്രസ്-സോറോസ് ബന്ധമാണെന്ന് കിരൺ റിജിജു പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ നിരവധി ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയെ ചെറുക്കാൻ രാഷ്‌ട്രീയ ഭേദമന്യേ ഐക്യപ്പെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഉയർന്നുവരുന്ന പേരുകൾ സോണിയ ഗാന്ധിയുടേതായാലും രാഹുൽ ഗാന്ധിയുടേതായാലും രാജ്യത്തിപ്പോൾ ചർച്ച ചെയ്യുന്ന വിഷയം ജോർജ്ജ് സോറസാണ്. ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ശക്തികൾക്കെതിരെ എല്ലാവരും ഒന്നിക്കണം. നേതാക്കൾക്ക് ഇന്ത്യാ വിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകരും അതിനെതിരെ ശബ്ദമുയർത്തണം. ജോർജ്ജ് സോറോസിന്റെ വിഷയം ഇതിനകം പാർലമെൻ്റിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജോർജ്ജ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന ഒരു സംഘടനയുമായി മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്നും കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുക എന്ന ആശയത്തെ പിന്തുണച്ചിട്ടുണ്ടെന്നും ബിജെപി കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ സ്ഥാപനങ്ങളുടെ സ്വാധീനമാണ് ഈ കൂട്ടുകെട്ടിലൂടെ വെളിവാകുന്നതെന്നും പാർട്ടി പറഞ്ഞു. ഗൗതം അദാനിയെ വിമർശിച്ച് രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനം തത്സമയം സംപ്രേക്ഷണം ചെയ്തത് ജോർജ്ജ് സോറോസിന്റെ ഫണ്ടിൽ പ്രവർത്തിക്കുന്ന OCCRP യിലാണെന്നും ബിജെപി ചൂണ്ടിക്കാട്ടി.