ന്യൂഡൽഹി: വയോധികരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താനായി നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ ആയുഷ്മാൻ വയ വന്ദന പദ്ധതിക്ക് മികച്ച പ്രതികരണം. പദ്ധതിയിൽ ചേർന്നവരുടെ എണ്ണം 25 ലക്ഷത്തിലെത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കുറഞ്ഞ കാലേയളവിൽ 22,000 ത്തിലധികം മുതിർന്ന പൗരൻമാർക്ക് 40 കോടിയിലധികം രൂപയുടെ ചികിത്സ പദ്ധതിയിലൂടെ ലഭ്യമാക്കി. ആൻജിയോപ്ലാസ്റ്റി, ഇടുപ്പ് മാറ്റിവയ്‌ക്കൽ, പിത്തസഞ്ചി നീക്കം ചെയ്യൽ, തിമിര ശസ്ത്രക്രിയ, പ്രോസ്റ്റേറ്റ് സർജറി, സ്ട്രോക്ക്, ഹീമോഡയാലിസിസ്, തുടങ്ങി പനിക്കടക്കം പദ്ധതിയിലൂടെ ചികിത്സ തേടിയിട്ടുണ്ട്.
രാജ്യമൊട്ടുക്കും വയോജനങ്ങൾ പദ്ധതിയുടെ ഗുണഫലം അനുഭവിക്കാൻ തുടങ്ങിയിട്ടും സംസ്ഥാന സർക്കാർ ഇപ്പോഴും പദ്ധതിയോട് മുഖം തിരിച്ച് നിൽപ്പാണ്. കാർഡുകളുമായി ആശുപത്രികളിൽ എത്തുന്ന വയോധികരായ രോഗികളോട് ഇത് നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ് ആശുപത്രികൾ.
ഒക്‌ടോബർ 29-നാണ്, എല്ലാ മുതിർന്ന പൗരന്മാരെയും ഉൾപ്പെടുത്തി ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) വിപുലീകരണം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 70 വയസ് കഴിഞ്ഞവർക്ക് അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ പദ്ധതിയിലൂടെ ലഭിക്കുന്നു. നിലവിൽ ആയുഷ്മാൻഭാരതിന് കീഴിൽ വരുന്ന കുടുംബങ്ങളിലെ 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ അധിക പരിരക്ഷയും ലഭിക്കുന്നു.
സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുന്ന വ്യക്തികൾക്കും പദ്ധതിയിൽ അംഗങ്ങളാകാം. ദിവസങ്ങൾക്ക് മുമ്പാണ് ഇഎസ്ഐ അംഗങ്ങളെയും പദ്ധതിടെ ഭാഗമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. 2000 മെഡിക്കൽ സേവനങ്ങളാണ് ആയുഷ്മാൻ വയ വന്ദന കാർഡിലടെ ലഭ്യമാക്കുക. കൂടാതെ കാർഡ് എടുത്ത ആദ്യ ദിവസം തന്നെ എല്ലാ രോഗങ്ങൾക്കും പരിരക്ഷയും ലഭിക്കും.
ആയുഷ്മാൻ വയ് വന്ദന കാർഡിന് അർഹതയുള്ളവർ രജിസ്ട്രേഷനായി അടുത്തുള്ള എംപാനൽ ചെയ്ത ആശുപത്രി സന്ദർശിക്കാം. അല്ലെങ്കിൽ www.beneficiary.nha.gov.in എന്ന വെബ്‌സൈറ്റ് വഴിയോ ആയുഷ്മാൻ ആപ്പ് ഉപയോഗിച്ചോ അപേക്ഷിക്കാവുന്നതാണ്. ആയുഷ്മാൻ വയ് വന്ദന കാർഡിനെക്കുറിച്ച് കൂടുതലറിയാൻ പൗരന്മാർക്ക് 14555 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം അല്ലെങ്കിൽ 1800110770 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകാം.















