തിരുവനന്തപുരം: പ്രതിഫലം ചോദിച്ചതിന് നടിയെ കുറ്റപ്പെടുത്തിയ പരാമർശം പിൻവലിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രസ്താവന വൻ വിവാദമായ പശ്ചാത്തലത്തിലാണ് പരാമർശം പിൻവലിച്ച് മന്ത്രി ശിവൻകുട്ടി തടിയൂരിയത്. കലോത്സവത്തിന് മുൻപുള്ള ഈ ദിവസങ്ങളിൽ കുട്ടികളെ നിരാശപ്പെടുത്തുന്ന ചർച്ചകൾ ഒഴിവാക്കാനാണ് പരാമർശം പിൻവലിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
“ഫഹദും ദുൽഖർ സൽമാനും ഓണം വാരാഘോഷത്തിൽ പ്രതിഫലം വാങ്ങാതെയാണ് പങ്കെടുത്തിട്ടുള്ളത്. കൊല്ലത്ത് മമ്മൂട്ടി രണ്ട് മണിക്കൂർ ചെലവഴിച്ചു. അവിടെ കുട്ടികളുടെ ഉന്തും തള്ളുമുണ്ടായിട്ടും അദ്ദേഹം അതൊക്കെ ആസ്വദിച്ചു. ഇതെല്ലാ സെലിബ്രിറ്റികളും പിന്തുടരുന്നത് നല്ലതാണ്. കുട്ടികളുടെ പരിപാടിയെന്ന പരിഗണന എല്ലാവരും നൽകാറുണ്ട്.
14,000ത്തോളം വരുന്ന സ്കൂൾ കുട്ടികൾ പങ്കെടുക്കുന്നതാണ് കലോത്സവമാണ്. പല കാരണങ്ങൾ കൊണ്ടും ഫണ്ടിന്റെ കുറവുണ്ട്. അതിൽ ഏഴ് മിനിറ്റ് നീണ്ടുനിൽക്കുന്ന നൃത്താവിഷ്കാരമാണ്. 7 മിനിറ്റേയുള്ളൂ.. അത് അവതരിപ്പിക്കുന്നതിന് വേണ്ടി സ്കൂൾ കലോത്സവത്തിലൂടെ പ്രശസ്തി നേടിയ നടിയോട് അഭ്യർത്ഥിച്ചപ്പോൾ അവർ 5 ലക്ഷം ചോദിച്ചു. എന്റെ പ്രസ് സെക്രട്ടറിയോടാണ് അവരത് പറഞ്ഞത്. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. അത് പത്രങ്ങളിൽ വന്നു, ഇപ്പോ സോഷ്യൽമീഡിയയിലും ചാനലിലും ഒക്കെ വലിയ ചർച്ചാ വിഷയം ആയിരിക്കുകയാണ്.
യുവജനോത്സവത്തിന്റെ ലോഗോ പ്രകാശനം നടത്തിയിട്ടേയുള്ളൂ. ഇനിയങ്ങോട്ട് എത്ര ദിവസം കിടക്കുന്നു. യുവജനോത്സവം ആരംഭിച്ചുകഴിഞ്ഞാൽ എന്തൊക്കെയുണ്ടാകും അതിനൊക്കെ മറുപടി പറയേണ്ടേ..? ഞാനെന്തായാലും ഒരു കാര്യം തീരുമാനിച്ചു. ഈ സ്കൂൾ കലോത്സവം തുടങ്ങുന്നതിന് മുൻപ് ആവശ്യമില്ലാത്ത വിവാദങ്ങളും ചർച്ചകളും ഒഴിവാക്കാം. ചുമ്മാ, കുട്ടികളെ നിരാശപ്പെടുത്തുന്ന രീതിയിലുള്ള ചർച്ചയൊന്നും വേണ്ട. അതിനാൽ ഇതെല്ലാം അവസാനിപ്പിക്കേണ്ടതായുണ്ട്. അതുകൊണ്ട് വെഞ്ഞാറമ്മൂടിൽ ഞാൻ നടത്തിയ പ്രസ്താവന ഞാനങ്ങ് പിൻവലിക്കുകയാണ്. അതോടുകൂടി എല്ലാ ചർച്ചയും അങ്ങ് അവസാനിച്ചോട്ടെ..”- വി. ശിവൻകുട്ടി പറഞ്ഞു.