സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ 12-ാം ഗെയിമിൽ വിജയം നേടി ചൈനയുടെ നിലവിലെ ചാമ്പ്യൻ ഡിംഗ് ലിറൻ. തോൽവി വഴങ്ങിയ ഇന്ത്യൻ താരം ഡി ഗുകേഷിന് ഇതോടെ കഴിഞ്ഞ ഗെയിമിൽ നേടിയ ലീഡ് നഷ്ടമായി. വിജയത്തോടെ ലിറൻ ഗുകേഷിനൊപ്പമെത്തി. 6-6 പോയിന്റുകളോടെ ഇരുവരും സമനിലയിലാണ്.
തുടർച്ചയായ ഏഴ് സമനിലകൾക്ക് ശേഷം കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ വിജയത്തോടെ 18 കാരനായ ഗുകേഷ് ഒരു പോയിൻ്റിന് മുന്നിലായിരുന്നു. ചാമ്പ്യൻഷിപ്പിലെ ഗുകേഷിന്റെ രണ്ടാം വിജയമായിരുന്നു ഇത്. എന്നാൽ ഈ മുൻതൂക്കം മുതലാക്കാൻ താരത്തിനായില്ല.
14 റൗണ്ടുകളുള്ള ക്ലാസിക്കൽ ഫോർമാറ്റ് മത്സരത്തിൽ രണ്ട് കളികൾ മാത്രം ശേഷിക്കെ ഇരുവർക്കും 6 പോയിന്റുകളാണുള്ളത്. ആദ്യം 7.5 പോയിന്റുകൾ നേടുന്നയാളാണ് വിജയി. ബാക്കിയുള്ള രണ്ട് കളികൾ ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. 32 കാരനായ
ലിറൻ ആദ്യ ഗെയിം നേടിയിരുന്നു. മൂന്നാം ഗെയിമിൽ ഗുകേഷ് വിജയിച്ചു. രണ്ടും നാലും പത്തും ഗെയിമുകൾ സമനിലയിൽ പിരിഞ്ഞു.















