റായ്‌പൂർ: കോഴി വളർത്താൻ വായ്‌പയെടുക്കാനെത്തിയ കർഷകനെ പറ്റിച്ച് ബാങ്ക് മാനേജർ. ഛത്തീസ്ഗഡിലെ മസ്തൂരിയിലാണ് സംഭവം. തന്റെ കോഴി വളർത്തൽ വിപുലീകരിക്കാൻ 12 ലക്ഷം രൂപ വായ്പഎടുക്കാൻ ബാങ്കിലെത്തിയ രൂപ്ചന്ദ് മൻഹർ എന്ന കർഷകനാണ് ദുരനുഭവമുണ്ടയത്. വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത ബാങ്ക് മാനേജർ പകരമായി പത്ത് ശതമാനം കമ്മീഷനും നാടൻ കോഴിക്കറിയും വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
മറ്റ് വഴികളില്ലാതെ കർഷകൻ ഇത് സമ്മതിച്ചു. വളർത്തിയിരുന്ന കോഴികളെ വിറ്റ് രണ്ട് മാസത്തിനുള്ളിൽ 10% കമ്മീഷൻ നൽകി. എല്ലാ ശനിയാഴ്ചയും നാടൻ കോഴിക്കറി വേണമെന്ന ബാങ്ക് മാനേജരുടെ ശാഠ്യത്തിനും കൂട്ടുനിന്നു. അടുത്തുള്ള ഗ്രാമത്തിൽ പോയി കോഴിക്കറി വാങ്ങി കൃത്യമായി എത്തിച്ചു നൽകി. ഇതെല്ലം ചെയ്തിട്ടും മാനേജർ രൂപ്ചന്ദിന് വായ്പ അനുവദിച്ച് നൽകിയില്ല.
ഇക്കാലയളവിൽ മാനേജർ കഴിച്ചു തീർത്തത് 38,900 രൂപയുടെ നാടൻ കോഴിക്കറിയാണ്. ഈ കാശും മാനേജർ നൽകാൻ കൂട്ടാക്കാതെ വന്നതോടെ രൂപ്ചന്ദ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) ഓഫീസിൽ പരാതിനൽകി. കമ്മീഷനും കോഴിക്കറി വാങ്ങാൻ ചെലവഴിച്ച തുകയും ഉൾപ്പെടെ തിരികെ നൽകണമെന്ന് കർഷകൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെങ്കിൽ ജീവനൊടുക്കുമെന്നാണ് രൂപചന്ദിന്റെ ഭീഷണി.