തിരുവനന്തപുരം: പാലോട് നവവധുവിന്റെ മരണത്തിന്റെ ഞെട്ടൽ മാറും ജീവനൊടുക്കിയ ഐടി വിദ്യാർത്ഥി നമിതയുടെ മരണത്തിൽ പ്രതിശ്രുത വരൻ കസ്റ്റഡിയിൽ. നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വർഷ വിദ്യാർത്ഥി നമിത(19) ആണ് വീട്ടിൽ ജീവനൊടുക്കിയത്.നമിതയുമായി വിവാഹം നിശ്ചയിച്ചിരുന്ന സന്ദീപ് എന്ന യുവാവിനെയാണ് വലിയമല പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ മൊഴികളിലെ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സംഭവ ദിവസം രാവിലെ ഇയാൾ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു.ഇതിന് ശേഷമാണ് യുവതി കടുംകൈ ചെയ്തത്. യുവാവ് വീട്ടിൽ നിന്ന് മടങ്ങിയതിന് പിന്നാലെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും നമിതയുടെ പ്രതികരണമുണ്ടായില്ല. വീണ്ടും വീട്ടിലെത്തി നോക്കുമ്പോഴാണ് യുവതി അടുക്കളയിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടനെ ആളെക്കൂട്ടി യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് യുവാവിന്റെ മൊഴി.
നമിതയുടെ ഫോണിൽ മറ്റൊരു യുവാവിനൊപ്പമുള്ള ഫോട്ടോ സന്ദീപ് കണ്ടിരുന്നു. ഇതിനെച്ചൊല്ലിയുള്ള അഭിപ്രായ ഭിന്നതകളാകാം ആത്മഹത്യയിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ സംശയം. സന്ദീപിന്റെ ഇടപെടലിനെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. യുവതിയുടേത് തൂങ്ങി മരണം തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നു.