ആഗ്ര: ഒരു പിതാവിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാകും മകളെ സുരക്ഷിതമായി മറ്റൊരു കരങ്ങളിൽ ഏൽപ്പിക്കുന്നത്. അത്തരമൊരു തയ്യാറെടുപ്പിലായിരുന്നു 20 ജാട്ട് റെജിമെന്റിലെ സുബേദാർ ആയിരുന്ന ദേവേന്ദ്ര സിംഗ്. എന്നാൽ വിവാഹത്തിന് വെറും രണ്ട് ദിവസം മാത്രം ശേഷിക്കെ ആ കുടുംബത്തെ തേടിയെത്തിയത് ദേവേന്ദ്ര സിംഗിന്റെ മരണവാർത്തയാണ്. വിവാഹ ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള യാത്രയ്‌ക്കിടെയുണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന് ജീവൻ നഷ്ടമാകുന്നത്.
വിവാഹത്തിന്റെ ഒരു ഘട്ടത്തിൽ ഒരു കുടുംബം ഒന്നാകെ തളർന്നുപോയെങ്കിലും, അവർക്ക് ആവശ്യമായതെല്ലാം ചെയ്ത് നൽകി പിതാവിന്റെ സ്ഥാനത്ത് നിന്ന് എല്ലാ ചുമതലകളും പൂർത്തിയാക്കി മാതൃകയായിരിക്കുകയാണ് അദ്ദേഹത്തോടൊപ്പം സേവനം ചെയ്തിരുന്ന സൈനികർ. ദേവേന്ദ്ര സിംഗിന്റെ മരണവാർത്തയറിഞ്ഞതിന് പിന്നാലെ വിവാഹം നിർത്തിവയ്‌ക്കാമെന്നും, ചടങ്ങുകൾ മുന്നോട്ട് കൊണ്ടുപോകേണ്ടെന്നും അദ്ദേഹത്തിന്റെ മകൾ ജ്യോതി തീരുമാനിച്ചിരുന്നു. എന്നാൽ ദേവേന്ദ്ര സിംഗിനൊപ്പം ജോലി ചെയ്തിരുന്നവർ ഉടൻ തന്നെ അദ്ദേഹത്തിന്റെ സ്വദേശമായ മഥുരയിലേക്ക് എത്തി. വധുവിനെ വരന് കൈപിടിച്ച് ഏൽപ്പിക്കുന്ന കന്യാദാൻ ഉൾപ്പെടെ വിവാഹത്തിന്റെ മുഴുവൻ ചടങ്ങുകളും ഇവരുടെ നേതൃത്വത്തിലാണ് പിന്നീട് പൂർത്തിയാക്കിയത്.
മകളുടെ വിവാഹത്തോടനുബന്ധിച്ച് ഒരു മാസം മുൻപ് വിആർഎസ് എടുത്താണ് ദേവേന്ദ്ര സിംഗ് നാട്ടിലേക്ക് എത്തിയത്. മകളുടെ വിവാഹം മികച്ച രീതിയിൽ നടത്തണമെന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്‌നങ്ങളിൽ ഒന്നായിരുന്നു. വിവാഹ ഒരുക്കങ്ങൾ നടത്തുന്നതിന് വേണ്ടിയുള്ള യാത്രയ്‌ക്കിടെയാണ് ഇദ്ദേഹത്തിന്റെ കാർ മറ്റൊരു ട്രാക്ടറിൽ ഇടിച്ച് അപകടമുണ്ടായത്. ദേവേന്ദ്ര സിംഗിന് പുറമെ ഇദ്ദേഹത്തിന്റെ ബന്ധുവായ ഉദയ്‌വീർ സിംഗിനും അപകടത്തിൽ ജീവൻ നഷ്ടമായി.
അപകടത്തിന് പിന്നാലെ വിവാഹം നിർത്തിവയ്‌ക്കാമെന്ന് മകളായ ജ്യോതി എല്ലാവരേയും അറിയിക്കുകയായിരുന്നു. എന്നാൽ ദേവേന്ദ്രയുടെ മരണവിവരം അറിഞ്ഞ ഉടൻ തന്നെ അദ്ദേഹത്തിന്റെ മുൻ കമാൻഡിങ് ഓഫീസറായ കേണൽ ചന്ദ്രകാന്ത് ശർമ്മയുടെ നിർദേശപ്രകാരം അഞ്ചോളം സൈനികർ പഞ്ചാബിൽ നിന്ന് മഥുരയിലേക്ക് എത്തിയിരുന്നു. മകളുടെ വിവാഹമെന്ന സ്വപ്നത്തെ കുറിച്ച് പലതവണ ദേവേന്ദ്രയിൽ നിന്ന് കേട്ടറിഞ്ഞിട്ടുള്ള ഇവർ ആ സ്വപ്‌നം പൂർത്തികരിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. അച്ഛൻ ഈ വിവാഹം അത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്ന് മനസിലാക്കിയ ജ്യോതിയും പിന്നീട് നടന്ന ചടങ്ങുകളിൽ പൂർണ മനസോടെ സഹകരിച്ചു.
മണിപ്പൂരിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന സൗരഭ് സിംഗ് ആണ് ജ്യോതിയെ വിവാഹം ചെയ്തത്. വീട്ടിലെ ചടങ്ങുകളുടെ മുഴുവൻ ചെലവും വഹിച്ചതിന് പുറമെ അതിഥികളെ സ്വീകരിക്കാനും പിതാവിന്റെ സ്ഥാനത്ത് നിന്ന് ജ്യോതിയെ കൈപിടിച്ച് വരനെ ഏൽപ്പിച്ചതുമെല്ലാം ദേവേന്ദ്രയുടെ സഹപ്രവർത്തകരായ ഈ സൈനികരായിരുന്നു. തകർന്നിരുന്ന ഒരു ഘട്ടത്തിൽ നിന്നാണ് സൈനിക ഉദ്യോഗസ്ഥർ തങ്ങൾക്ക് പുതുജീവൻ നൽകിയതെന്നും, സൈനിക ഉദ്യോഗസ്ഥർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും വധുവിന്റെ അമ്മാവനായ നരേന്ദ്ര സിംഗും പറഞ്ഞു.















