അഗർത്തല: ത്രിപുരയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് മൂന്ന് ബംഗ്ലാദേശി പൗരന്മാരെയും ഒരു നൈജീരിയൻ പൗരനേയും അറസ്റ്റ് ചെയ്ത് അതിർത്തി രക്ഷാസേന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായതെന്ന് ബിഎസ്എഫ് അറിയിച്ചു. ത്രിപുരയിൽ സെപാഹിജാല ജില്ലയിൽ നിന്നാണ് ഇവർ പിടിയിലാകുന്നത്.
മാക്‌സ്‌വെൽ ന്യൂക എന്ന 34കാരനാണ് അറസ്റ്റിലായ നൈജീരിയൻ പൗരൻ. ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. മതിയായ രേഖകൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. മാക്‌സ്‌വെല്ലിന് ത്രിപുരയിൽ സഹായങ്ങൾ നൽകിയെന്ന് കണ്ടെത്തിയ അംതോലി സ്വദേശി സൂരജ് പ്രസാദ് എന്നയാളേയും ബിഎസ്എഫ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാക്‌സ്‌വെൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലാകുന്നത്. ത്രിപുര മംഗ്രോളിയിൽ നടത്തിയ തെരച്ചിലിലാണ് 15 വയസ്സുകാരിയായ പെൺകുട്ടിയെ ബിഎസ്എഫ് പിടികൂടുന്നത്. അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ. ബംഗ്ലാദേശിലെ മൗൾവിബസാർ ജില്ലയിലുള്ള ചാന്ദ്പൂർ ഗ്രാമവാസിയാണ് ഈ പെൺകുട്ടി.















