ന്യൂഡൽഹി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിനെ കൊല്ലുമെന്ന് അജ്ഞാതൻ ഭീഷണിപ്പെടുത്തി.അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ഭീഷണിപ്പെടുത്തിയുള്ള ഫോൺ കോളുകൾ എത്തുകയായിരുന്നു.
ഉപമുഖ്യമന്ത്രിക്ക് നേരെ അസഭ്യവും ആക്ഷേപകരവുമായ സന്ദേശങ്ങളും അയച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ കക്ഷിയായ ജനസേനയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ ഭീഷണി സന്ദേശങ്ങളെക്കുറിച്ച് പൊലീസിൽ അറിയിച്ചു. അദ്ദേഹത്തിന്റെ പാർട്ടി ജനസേന ഓദ്യോഗിക എക്സ് പേജിലെ പോസ്റ്റിൽ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് ആഭ്യന്തര മന്ത്രി വംഗലപ്പുടി അനിതക്കും അതേ നമ്പരിൽ നിന്ന് ഭീഷണി വന്നതായി അധികൃതർ പറയുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മുൻകരുതലിന്റെ ഭാഗമായി ഉപമുഖ്യമന്ത്രിയുടെ ഓഫീസിന് ചുറ്റും സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.
അടുത്തിടെകാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പവൻ കല്യാൺ ആശങ്ക പ്രകടിപ്പിച്ചിരുന്നു.സംഭവത്തിൽ തന്റെ ദുഃഖം പങ്കുവെച്ച അദ്ദേഹം ഹിന്ദു സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കനേഡിയൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ഹിന്ദുക്കൾ നേരിടുന്ന പീഡനങ്ങളിൽ അദ്ദേഹം തന്റെ ആശങ്കകളും പ്രതിഷേധവും പ്രകടിപ്പിച്ചിട്ടുണ്ട്.