ന്യൂഡൽഹി: ഇന്ത്യ-റഷ്യ സൗഹൃദത്തിലെ പ്രധാന നാഴികക്കല്ലാണ് ഐഎൻഎസ് തുശീലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.ആത്മനിർഭർ ഭാരതത്തിനായുള്ള റഷ്യയുടെ പിന്തുണ ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ, ഇന്ത്യൻ വ്യവസായ സഹകരണത്തിന്റെ ഉത്തമ ഉദാഹരണമാണ് ഐഎൻഎസ് തുശീലെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
ഭാരതത്തിന്റെ സാങ്കേതിക മികവിലേക്കുള്ള പാതയിലെ പുത്തൻ അദ്ധ്യായമാണിതെന്നും ഐഎൻഎസ് തുശീൽ കമ്മീൻ ചെയ്ത് കൊണ്ട് പ്രതിരോധ മന്ത്രി പറഞ്ഞു. നിലവിലുള്ള സഹകരണ മേഖലകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയതും പര്യവേക്ഷണം ചെയ്യപ്പെടാത്തതുമായ മേഖലകളിൽ പ്രവർത്തിക്കുന്നതിനും മുൻഗണന നൽകുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സൈബർ സുരക്ഷ, ബഹിരാകാശ പര്യവേക്ഷണം, തീവ്രവാദത്തെ ചെറുക്കൽ തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐഎൻഎസ് തുശീലിന്റെ 26 ശതമാനത്തിലേറെ ഭാഗങ്ങൾ തദ്ദേശീയമായി നിർമിച്ചതാണ്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്,
ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്റോസ്പേസ്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ നോവ ഇൻ്റഗ്രേറ്റഡ് സിസ്റ്റംസ് എന്നിവയുൾപ്പെടെ 33 സ്ഥാപനങ്ങളിൽ നിന്നുള്ള സംഭാവനകൾ ഇതിൽ ഉൾപ്പെടുന്നു. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, മെച്ചപ്പെട്ട റേഞ്ചുള്ള ഷിൽ സർഫേസ് ടു എയർ മിസൈലുകൾ, നവീകരിച്ച മീഡിയം റേഞ്ച് ആൻ്റി-എയർ, സർഫസ് ഗണ്ണുകൾ, ഒപ്റ്റിക്കലി കൺട്രോൾഡ് ക്ലോസ് റേഞ്ച് റാപ്പിഡ് ഫയർ ഗൺ സിസ്റ്റം, ടോർപ്പിഡോകൾ എന്നിവയുൾപ്പെടെ വിപുലമായ ആയുധങ്ങളുടെ ശ്രേണിയാണ് ഐഎൻഎസ് തുശീലിൽ സജ്ജമാക്കിയിരിക്കുന്നത്.
ആധുനിക നിയന്ത്രണങ്ങളോടുകൂടിയ വിപുലമായ ഗ്യാസ് ടർബൈൻ പ്രൊപ്പൽഷൻ പ്ലാൻ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കപ്പലിന് 30 നോട്ടിൽ കൂടുതൽ വേഗത കൈവരിക്കാൻ കഴിയും. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്നു. സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ തന്നെ റഡാർ, സോണാർ, ഇൻഫ്രാറെഡ് എന്നിവയ്‌ക്കൊന്നും കപ്പലിനെ കണ്ടെത്താനാകില്ല. ഒളിയുദ്ധങ്ങൾക്ക് അനുയോജ്യമായ യുദ്ധക്കപ്പലാകും ഐഎൻഎസ് തുശീലെന്നും പ്രതിരോധമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.















