കോട്ടയം: എംകെ രാഘവൻ എംപിക്കെതിരെ പ്രതിഷേധവുമായി സ്വന്തം അണികൾ തന്നെ രംഗത്തെത്തിയതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മനും രംഗത്ത്. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ചാണ്ടി ഉമ്മൻ തന്റെ അതൃപ്തി പരസ്യമാക്കിയത്. കഴിഞ്ഞ ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തനിക്ക് മാത്രം ചുമതലകൾ നൽകിയില്ലെന്നാണ് ചാണ്ടി ഉമ്മന്റെ ആക്ഷേപം.
ഓരോ പ്രവർത്തകരെയും തുല്യരായി കരുതുന്ന നേതാക്കൾ തലപ്പത്ത് വരണം. പാലക്കാട് എല്ലാവർക്കും ചുമതല നൽകി, എനിക്കൊഴികെ, അത് എന്തുകൊണ്ടാണെന്ന് അറിയില്ല. അക്കാര്യത്തിൽ കൂടുതൽ ചർച്ച നടത്താൻ തയ്യാറല്ല. എല്ലാവരേയും ചേർത്തുപിടിക്കണമെന്നും ആരെയെങ്കിലും തഴയപ്പെടുന്ന അവസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്നും ചാണ്ടി ഉമ്മൻ തുറന്നടിച്ചു. കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന അഭിപ്രായമില്ല, മറിച്ച് പുനഃസംഘടനയുണ്ടാകുമ്പോൾ എല്ലാവരേയും ഉൾപ്പെടുത്തുന്ന സമീപനം ഉണ്ടാകണമെന്നും യുവാക്കൾക്ക് പ്രാതിനിധ്യം വേണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മകൻ ഉയർത്തിയ പരസ്യ വിമർശനം കോൺഗ്രസ് നേതൃത്വത്തെ അടിമുടി വെട്ടിലാക്കുന്നതാണ്. ചിലർക്ക് കൂടുതൽ പരിഗണന നൽകുകയും മറ്റ് ചിലരെ പരിഗണിക്കാതെ തഴയുകയും ചെയ്തുവെന്ന വിമർശനമാണ് ചാണ്ടി ഉമ്മൻ ഉന്നയിച്ചിരിക്കുന്നത്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി നിരവധി നേതാക്കൾ എത്തുകയും ഉപതെരഞ്ഞെടുപ്പിൽ പലർക്കും ചുമതല ലഭിക്കുകയും പ്രചാരണങ്ങളും വിജയവും വലിയ തോതിൽ ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അന്നുതന്നെ തന്റെ അതൃപ്തി ചാണ്ടി ഉമ്മൻ പരോക്ഷമായി പ്രകടിപ്പിച്ചു. തനിക്ക് ചുമതലകൾ നൽകാതെ മാറ്റി നിർത്തിയതിനാൽ ഉപതെരഞ്ഞെടുപ്പ് സമയത്ത് വിദേശ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതൃത്വത്തിനോട് ചാണ്ടി ഉമ്മന് അതൃപ്തിയുണ്ടെന്ന വിലയിരുത്തലുകൾ അന്നേ ഉയർന്നിരുന്നു. ഒടുവിൽ അത് ചാണ്ടി ഉമ്മൻ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.















