ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ച് അതിജീവിത. മെമ്മറികാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചെന്ന് കണ്ടെത്തിയിട്ടും ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും രാഷ്‌ട്രപതിക്ക് അയച്ച കത്തിൽ അതിജീവിത പറയുന്നു. നടിയെ ആക്രമിച്ച കേസിൽ വിചാരണ അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് രാഷ്‌ട്രപതിയെ അതിജീവിത സമീപിച്ചിരിക്കുന്നത്.
തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡ് തുറന്നുപരിശോധിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വിവിധ കോടതികളുടെ കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാർഡ് പരിശോധിക്കപ്പെട്ടത്. ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാൽ അതിൽ ഉത്തരവാദികളാരാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അവർക്കെതിരെ നടപടി വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം. ഹൈക്കോടതിയിലും സുപ്രീംകോടതിയും ഇതേ ആവശ്യം ഉന്നയിച്ച് പരാതി സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് രാഷ്‌ട്രപതിക്ക് കത്തയക്കുന്നതെന്നും അതിജീവിതയുടെ കത്തിൽ വിശദമാക്കുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ അവസാന ഘട്ടമായ അന്തിമവാദം നാളെ ആരംഭിക്കും. വാദത്തിന്റെ നടപടിക്രമങ്ങള്‍ ഒരുമാസം കൊണ്ട് പൂര്‍ത്തിയാക്കിയേക്കുമെന്നാണ് വിവരം. പ്രതിഭാഗത്തിന്റെ സാക്ഷിവിസ്താരം അഞ്ച് ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിലെ വിചാരണ നടപടികള്‍ നടക്കുന്നത്.