ദേവഗൗഡയ്‌ക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുമായിരുന്ന മറ്റൊരു കന്നഡിഗനായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ് എം കൃഷ്ണ.
മൈസൂർ മഹാരാജ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം ബാംഗ്ലൂരിലെ ഗവൺമെൻ്റ് ലോ കോളേജിൽ പഠിച്ച, പിന്നീട്, അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ പഠിച്ച, വാഷിംഗ്ടണിലെ ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പ് ലഭിച്ച, എസ് എം കൃഷ്ണയ്‌ക്ക് അതിനുള്ള താലപ്പൊക്കം ഉണ്ടായിരുന്നു താനും.
2004 ൽ നടന്ന പൊതു തെരെഞ്ഞെടുപ്പിൽ യുപിഎ അധികാരത്തിൽ വന്നപ്പോഴാണ് ഈ നാടകങ്ങൾ അരങ്ങേറിയത്. കേന്ദ്രത്തിൽ സ്ഥിതി അസ്ഥിരമായപ്പോൾ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെതിരെ രാജ്യവ്യാപകമായി എതിർപ്പ് ഉയർന്നു വന്നു. തുടർന്ന് പ്രധാനമന്ത്രി പദം സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ സോണിയ ഗാന്ധി നിർബന്ധിതയായി. അന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എസ്എം കൃഷ്ണയുടെ പേരും ഉയർന്നു വന്നിരുന്നു . എന്നാൽ സോണിയ മൻ മോഹൻ സിംഗിന്റെ പേര് നിർദേശിക്കുകയായിരുന്നു. ഇതിന് വ്യക്തമായ കാരണം എന്തെന്നത് സോണിയ ഗാന്ധിക്ക് മാത്രം ഉത്തരം നൽകാൻ കഴിയുന്ന ഒരു ദുരൂഹതയായി തുടരുന്നു. എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായമുണ്ടായിരുന്ന എസ് എം കൃഷ്ണ പ്രധാനമന്ത്രിയായാൽ, സോണിയാ സംഘത്തിന്റെ പിൻ സീറ്റ് ഡ്രൈവിംഗ് നടക്കില്ല എന്ന ഉറപ്പ് സോണിയയ്‌ക്കുണ്ടായിരുന്നു എന്ന് വ്യക്തം.
എസ് എം കൃഷ്‌ണയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു എന്ന വിഷയം മൻ മോഹൻ സിങ് തന്നെ എസ് എം കൃഷ്ണയെ അറിയിച്ചതായി അദ്ദേഹത്തിന്റെ സ്മൃതിവാഹിനി എന്ന ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. ഇതോടെ, സോണിയയുടെയും രാഹുലിന്റെയും കടുംപിടിത്തത്തിൽ കർണാടകയ്‌ക്ക് രണ്ടാം പ്രധാനമന്ത്രി സ്ഥാനം നഷ്ടമായി. ഇതോടൊപ്പം കർണാടകയുടെ രാഷ്‌ട്രീയ ചിത്രവും മാറി. ജനങ്ങളുടെ പൾസ് തെറ്റിദ്ധരിച്ച എസ്എം കൃഷ്ണ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും നടത്താൻ നിയമസഭ പിരിച്ചുവിട്ടു. ഒരു പാർട്ടിക്കും ഭൂരിപക്ഷം നേടാനായില്ല, 79 സീറ്റുകളുമായി ഭാരതീയ ജനതാ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തുടർന്ന്, 65 അംഗങ്ങളുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസും 58 അംഗങ്ങളുള്ള ജനതാദളും (സെക്കുലർ) സഖ്യത്തിലെത്തി.
ഒക്കലിഗ നേതാവായ എസ്എം കൃഷ്ണയെ മുഖ്യമന്ത്രിയാക്കാൻ ജെഡിഎസ് തയ്യാറായിരുന്നില്ല. സോണിയയും അതാഗ്രഹിച്ചിരുന്നു. ഇതോടെ ധരം സിംഗിനെ മുഖ്യമന്ത്രിയാക്കി. സംസ്ഥാനത്തെ ആദ്യ സഖ്യസർക്കാരായിരുന്നു ഇത്. അന്ന് സംസ്ഥാന രാഷ്‌ട്രീയത്തിൽ ഏറെ സ്വാധീനമുണ്ടായിരുന്ന എസ്എം കൃഷ്ണയെ മഹാരാഷ്‌ട്ര ഗവർണറായി സോണിയ ആട്ടിപ്പായിച്ചു . 2008 വരെ ഏകദേശം 4 വർഷം എസ് എം കൃഷ്ണ ഗവർണറായി പ്രവർത്തിച്ചു.
2008 ൽ അപ്രതീക്ഷിതമായി ഗവർണർ സ്ഥാനത്ത് നിന്ന് രാജിവെച്ച എസ്എം കൃഷ്ണ സജീവ രാഷ്‌ട്രീയത്തിലേക്ക് മടങ്ങിവരാൻ ശ്രമിച്ചു. എന്നാൽ അപ്പോഴേക്കും കർണാടകയിലെ കോൺഗ്രസിൽ വലിയ മാറ്റങ്ങളുണ്ടായി. സിദ്ധരാമയ്യ കോൺഗ്രസിൽ ചേരുകയും സോണിയയുടെ കിച്ചൻ കാബിനെറ്റിലെ അടുത്ത ആളാകുകയും ചെയ്തതോടെ എസ് എം കൃഷ്ണയ്‌ക്ക് അവിടെ ഇടമില്ലാതെയായി. 2008 ൽ നടന്ന കർണാടക നിയമസഭാ തെരെഞ്ഞെടുപ്പിൽ എസ് എം കൃഷ്ണയ്‌ക്ക് സൂചികുത്താനുളള ഇടം പോലും ലഭിച്ചില്ല. ആ തെരെഞ്ഞെടുപ്പിൽ ബി എസ് യദിയൂരപ്പയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നു
രാജ്യസഭയിലെത്തിയ എസ് എം കൃഷ്ണ 3 വർഷം കേന്ദ്ര വിദേശകാര്യ മന്ത്രിയായി. എന്നാൽ അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാനായില്ല,2012 ഒക്‌ടോബർ 26-ന് കൃഷ്ണ വിദേശകാര്യ മന്ത്രി സ്ഥാനം രാജിവെച്ച് കർണാടക സംസ്ഥാന രാഷ്‌ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി. കൊണ്ഗ്രെസ്സ് അവസരം നൽകിയില്ല. ജനതദളിൽ നിന്നെത്തി സംസ്ഥാന കോൺഗ്രസ് രാഷ്‌ട്രീയത്തിൽ പിടിമുറുക്കിയ സിദ്ധരാമയ്യ അപ്പോഴേക്കും പാർട്ടിയെ കാർന്നു തിന്നു കഴിഞ്ഞിരുന്നു.
2017 ജനുവരി 29 ന് കൃഷ്ണ കോൺഗ്രസ് അംഗത്വം രാജിവച്ചു, പാർട്ടിക്ക് ബഹുജന നേതാക്കളെ ആവശ്യമുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പത്തിലാണ്. സ്വന്തം സമയം പർട്ടിക്കു വേണ്ടി കളഞ്ഞ ആളുകളെയല്ല “മാനേജർമാരെയാണ് പാർട്ടി ആശ്രയിക്കുന്നതെന്നും പാർട്ടി അദ്ദേഹത്തെ ഒതുക്കിയെന്നും അദ്ദേഹം പരാതിപ്പെട്ടു. അന്ന് എഐസിസി വൈസ് പ്രസിഡൻ്റ് ആയിരുന്ന രാഹുൽ ഗാന്ധിയെക്കുറിച്ച് , 46 വയസ്സിൽ നിഷ്‌ക്രിയരും 80 വയസ്സിനു മുകളിൽ പ്രായമുള്ള യുവാക്കളുമുണ്ടെന്ന് എസ്എം കൃഷ്ണ പരിഹസിച്ചത് വാർത്തയായിരുന്നു .2017 മാർച്ചിൽ അദ്ദേഹം ഔദ്യോഗികമായി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു .
എസ് എം കൃഷ്ണ തന്റെ രാഷ്‌ട്രീയ യാത്ര ആരംഭിച്ചത് 1960 ലാണ്. 1962ൽ മദ്ദൂർ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി വിജയിച്ചു.1962 ലെ തന്റെ ആദ്യ തെരഞ്ഞെടുപ്പിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവും തനിക്കെതിരെ പ്രചാരണത്തിനായി മദ്ദൂരിൽ ഇറങ്ങിയത് ഇടയ്‌ക്കിടെ എസ് എം കൃഷ്ണ അനുസ്‌മരിക്കുമായിരുന്നു.
ഇതിനുശേഷം അദ്ദേഹം പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരുകയും 1968-ൽ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. പിന്നീട് എസ്എം കൃഷ്ണ കോൺഗ്രസിൽ ചേരുകയും 1971ൽ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ നിന്ന് വീണ്ടും വിജയിക്കുകയും ചെയ്തു.
കർണാടകയിലെ മാണ്ഡ്യയിൽ നിന്ന് നിരവധി തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു അദ്ദേഹം ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഭരണത്തിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 1983-84 കാലഘട്ടത്തിൽ ഇന്ദിരാഗാന്ധിയുടെയും 1984-85 കാലഘട്ടത്തിൽ രാജീവ് ഗാന്ധിയുടെയും കീഴിൽ വ്യവസായ, ധനകാര്യ സഹമന്ത്രിയായിരുന്നു
1985ൽ എസ്എം കൃഷ്ണ വീണ്ടും സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക് തിരിച്ചുവന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു.1989 മുതൽ 1993 വരെ കർണാടക നിയമസഭയുടെ 13-ാമത് സ്പീക്കർ സ്ഥാനം എസ എം കൃഷ്ണ അലങ്കരിച്ചു. 1993 ലെ വീരപ്പ മൊയ്‌ലി മന്ത്രി സഭയിൽ കർണാടകയുടെ ആദ്യ ഉപമുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു. 2004 ഡിസംബർ മുതൽ 2008 മാർച്ച് വരെ മഹാരാഷ്‌ട്ര ഗവർണറായിരുന്നു. പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സർക്കാരിൽ വിദേശകാര്യ മന്ത്രിയായും എസ്എം കൃഷ്ണ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രഞ്ജിത് കാഞ്ഞിരത്തിൽ