തിരുവനന്തപുരം: പോത്തൻകോട് തങ്കമണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിൽ. പോത്തൻകോട് സ്വദേശി തൗഫീഖ് ആണ് പിടിയിലായത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംശയകരമായ സാഹചര്യത്തിൽ പ്രതിയുടെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിൽ എടുത്തത്. തങ്കമ്മയുടെ ആഭരണം ഇയാളിൽ നിന്ന് കണ്ടെടുത്തതായും സൂചനയുണ്ട്. തൗഫീഖിനെതിരെ പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ന് പുലർച്ചെയാണ് തങ്കമണിയെ (65) വീടിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്‌ക്കാണ് ഇവർ താമസിച്ചിരുന്നത്. മൃതദേഹത്തിൽ നഖം കൊണ്ടുള്ള മുറിവുകളുണ്ടായിരുന്നു. കൂടാതെ ബൗസ് കീറിയ നിലയിലും ആയിരുന്നു. അവർ ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൂടിയ അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയാണ് മൃതദേഹം കണ്ടെത്തിയത്. പൂജയ്‌ക്ക് പൂവ് പറിക്കാൻ അതിരാവിലെ തങ്കമ്മ പുറത്തിറങ്ങാറുണ്ട്. മൃതദേഹത്തിന് സമീപത്തായി പൂക്കളും ചെരുപ്പും കിടപ്പുണ്ട്. കമ്മൽ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞിരുന്നു. കൊലപാതക സാധ്യത മുൻനിർത്തിയാണ് മംഗലപുരം പൊലീസ് അന്വേഷണം നടത്തുന്നത്.















