അടുത്തിടെയാണ് വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ‘വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ’ (IOne Nation One Subscription) പദ്ധതിക്ക് കേന്ദ്ര മന്ത്രസഭ അംഗീകാരം നൽകിയത്. ഗുണമേന്മയുള്ള വിജ്ഞാനം കുറഞ്ഞ ചെലവിൽ എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. രാജ്യന്തര നിലവാരത്തിലുള്ള ലേഖനങ്ങളുടെയും ജേണൽ പ്രസിദ്ധീകരണങ്ങളുടെയും ലഭ്യത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഗവേഷകർക്കും സുഗമമായി ലഭ്യമാക്കുകയാണ് ലക്ഷ്യം.
30 പ്രമുഖ രാജ്യന്തര ജേണൽ പ്രസാദകരുടെ 13,000-ത്തോളം വരുന്ന ഇ-ജേണലുകൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള 6,300-ലേറെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും ലഭ്യമാകുന്നതാണ് വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ പദ്ധതി. യുജിസിയിലെ ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ്വർക്ക് ആണ് ഇത് ഏകോപിപ്പിക്കുന്നത്.
വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ (ONOS) പോർട്ടൽ വഴി സ്ഥാപനങ്ങൾക്ക് ജേണലുകൾ ആക്സസ് ചെയ്യാവുന്നതാണ്. ഗവേഷണ ജേണൽ ലഭ്യതയ്‌ക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെങ്കിലും ഭാവിയിൽ ഇ-ബുക്കുകൾ, തീസിസുകൾ, കോൺഫറൻസ് പ്രൊസീഡിംഗ്സ്, ടെക്നിക്കൽ റിപ്പോർട്ടുകൾ എന്നിവയും ഉൾപ്പെടുത്തിയേക്കും.
പുതിയ പദ്ധതി നടപ്പിലാക്കുന്നതോടെ വിവിധ പ്രസാധകരിൽ നിന്ന് ഓരോ സ്ഥാപനവും വിവിധ തരത്തിലുള്ള ജേണലുകൾ വാങ്ങുന്ന സാഹചര്യം ഒഴിവാക്കാം. ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ അംഗസ്ഥാപനങ്ങൾക്ക് ജേണലുകൾ ലഭ്യമാകും. സ്ഥാപനം നൽകുന്ന ഓൺലൈൻ ഓതെൻ്റിക്കേഷൻ വഴി എപ്പോൾ എവിടെ ഇരുന്നും ആക്സസ് ചെയ്യാം. സബ്സ്ക്രിപ്ഷനുകൾ ഏകീകരിക്കുന്നത് വഴി കോളേജുകൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും വരിക്കാരാകാനുള്ള ചെലവ് ഗണ്യമായി കുറയുന്നു. വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമുള്ള ഈ പദ്ധതിക്കായി 6,000 കോടി രൂപയാണ് കേന്ദ്രമന്ത്രിസഭ മാറ്റിവച്ചിട്ടുള്ളത്.















