മലയാളികൾക്ക് എക്കാലത്തും പ്രിയങ്കരനായ നടനാണ് ജയറാം. കുടുംബ പ്രേക്ഷകർക്കിടയിൽ ജയറാമിനോളം സ്ഥാനം നേടിയ മറ്റൊരു കലാകാരനില്ല. ഫാമിലി ഓറിയന്റഡ് ചിത്രങ്ങളിൽ തളയ്‌ക്കപ്പെട്ടെങ്കിൽ പോലും മലയാളികളുടെ ഹൃദയത്തിൽ ജയറാം നേടിയ പ്രത്യേക സ്ഥാനം അദ്ദേഹം ചെയ്ത കുടുംബ ചിത്രങ്ങളിൽ നിന്നുണ്ടായതാണ്. ഇന്ന് 60-ാം വയസിന്റെ നിറവിൽ ജയറാം നിൽക്കുമ്പോൾ ആശംസകൾ അറിയിക്കുകയാണ് ഭാര്യ പാർവതി. ജയറാമിന് പലപ്പോഴും പല പ്രായമാണെന്നാണ് പാർവതി പ്രതികരിക്കുന്നത്.
“ജയറാമിനെ കാണുമ്പോൾ പലപ്പോഴും പല പ്രായമാണ്. കുട്ടികളുടെ കൂടെ ഇരിക്കുമ്പോഴും ഞങ്ങളൊന്നിച്ച് തമാശ പറയുമ്പോഴും ജയറാമിന് 25 വയസാണ്. പൂരപ്പറമ്പിൽ പോകുമ്പോഴും ചെണ്ടമേളം കേൾക്കുമ്പോഴും ജയറാം ആസ്വദിക്കുന്നത് കണ്ടാൽ 18-20 വയസുള്ള കുട്ടിയെ പോലെയാണ്. പക്ഷെ, നമ്മളെവിടെയെങ്കിലും ഒരു ട്രിപ്പ് പോയി, ഒരു അമ്യൂസ്മെന്റ് പാർക്കിൽ കയറാൻ പറഞ്ഞാൽ 70 വയസുള്ള അപ്പൂപ്പനെ പോലെയാണ് ജയറാം. പല പ്രായത്തിലാണ് ജയറാമിനെ കണ്ടിരിക്കുന്നത്.
ജയറാമിനൊപ്പമുള്ള കഴിഞ്ഞ 36 വർഷം വലിയൊരു ജേർണിയാണ്. അതിലെ ഓരോ മിനിറ്റും ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഇപ്പോഴും എൻജോയ് ചെയ്യുന്നു. ദൈവം അനുഗ്രഹിച്ച് ഞങ്ങൾക്ക് ഇങ്ങനെ തന്നെ ഒരു 100 വയസ് പോകാൻ സാധിക്കട്ടെയെന്നാണ് പ്രാർത്ഥന. “- പാർവതി പറഞ്ഞുനിർത്തി. ചെന്നൈയിലെ വീട്ടിലെത്തിയ മലയാളി മാദ്ധ്യമപ്രവർത്തകനോടായിരുന്നു താരത്തിന്റെ പ്രതികരണം.