ഡമാസ്‌കസ്: 54 വർഷത്തെ കുടുംബ വാഴ്ചയ്‌ക്ക് അവസാനമിട്ടാണ് സിറിയയിലെ വിമത സഖ്യം അസദ് ഭരണകൂടത്തെ വീഴ്‌ത്തിയത്. അസദ് ഭരണകൂടത്തിന്റെ ക്രൂരതകൾക്ക് അവസാനമിട്ടായിരുന്നു വിമതസഖ്യത്തിന്റെ മുന്നേറ്റം. ഭരണനേതൃത്വത്തെ വീഴ്‌ത്തിയതിന് പിന്നാലെ കൊടിയ പീഡനങ്ങൾക്കും മനുഷ്യക്കുരുതികൾക്കും കുപ്രസിദ്ധി നേടിയ സിറിയൻ തടവറകളിൽ നിന്നും ആയിരക്കണക്കിന് ആളുകളെയാണ് വിമതസൈന്യം മോചിപ്പിച്ചത്. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വൃദ്ധരായവർ വരെ ഇക്കൂട്ടത്തിലുണ്ട്. ഭരണകൂടത്തിനെതിരെ വിമർശനം ഉന്നയിച്ചതിന്റെ പേരിലാണ് ഇവരിൽ പലരും വെളിച്ചം പോലും കാണാതെ ഇരുളറയ്‌ക്കുള്ളിലായത്. 27ഓളം ജയിലുകളിലായി തടവിൽ കഴിഞ്ഞവർക്കാണ് കഴിഞ്ഞ ദിവസത്തോടെ മോചനം സാധ്യമായത്.
ഇതിൽ ഏറ്റവും കുപ്രസിദ്ധി നേടിയ തടവറകളിലൊന്നാണ് സെദ്‌നായ. അതിക്രൂരമായ രീതിയിൽ ഒരു വ്യക്തിയെ എങ്ങനെ പീഡിപ്പിക്കാം എന്നതിന്റെ തെളിവായി മനുഷ്യാവകാശ സംഘടനകൾ പോലും ഈ തടവറകളെ വിശേഷിപ്പിക്കുന്നു. മനുഷ്യരുടെ കശാപ്പുശാല എന്നാണ് സെദ്‌നായ അറിയപ്പെട്ടിരുന്നത്. സെദ്‌നായ പട്ടാള ജയിലിൽ നിന്നും വനിതാ തടവുകാർ കുഞ്ഞുങ്ങളുമായി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിയിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. അസദിനെതിരെ ശബ്ദമുയർത്തി എന്നതാണ് ഇവരിൽ പലരുടെ മേലും ചുമത്തപ്പെട്ട പ്രധാന കുറ്റം. മനുഷ്യാവകാശ ലംഘനങ്ങളുടെ നേർസാക്ഷ്യമാണ് ഈ തടവറകളിൽ നടക്കുന്നതെന്നും പല റിപ്പോർട്ടുകളും സൂചിപ്പിച്ചിട്ടുണ്ട്.
ഭൂമിക്കടിയിൽ തട്ട് തട്ടായി പണിത രീതിയിലാണ് തടവറകൾ ഉള്ളത്. മൃഗങ്ങളെക്കാൾ മോശം ജീവിതസാഹചര്യത്തിലാണ് പലരും ഇതിനുള്ളിൽ കഴിയുന്നത്. തടവറയിലുള്ള കുട്ടികളിൽ പലരും പുറംലോകം കണ്ടിട്ടില്ല എന്നത് അവർ അനുഭവിച്ച ക്രൂരതകൾ എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ്. തടവറകൾ തുറക്കുന്നതും, അസദ് ഭരണകൂടം വീണുവെന്ന മറ്റൊരാളുടെ വാക്കുകൾ വിശ്വസിക്കാനാകാതെ നിൽക്കുന്ന അമ്മയുടേയും അഞ്ച് വയസ്സുള്ള കുഞ്ഞിന്റേയും ദൃശ്യങ്ങളും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിലൂടെ പലരും കണ്ടുകഴിഞ്ഞു.
ഡമാസ്‌കസിൽ നിന്നും മുപ്പത് കിലോമീറ്റർ അകലെയായിട്ടാണ് സെദ്‌നായ ജയിൽ. ആയിരക്കണക്കിന് ആളുകൾ ഈ ജയിലിനുള്ളിൽ വധശിക്ഷയ്‌ക്ക് വിധേയരായിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുന്ന വിചാരണയ്‌ക്കൊടുവിലാണ് പലരും ഈ ക്രൂരതയ്‌ക്ക് ഇരയായിട്ടുള്ളത്. ഇതിന് പുറമെ പതിനായിരക്കണക്കിന് പേർ ക്രൂരപീഡനമേറ്റും പട്ടിണികിടന്നും മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. വർഷങ്ങളായി ഇരുളറയ്‌ക്കുള്ളിൽ കഴിഞ്ഞതിനാൽ പലരുടേയും മാനസികനിലയ്‌ക്കും തകരാർ സംഭവിച്ചിട്ടുണ്ട്. ജയിലിൽ നിന്ന് ആളുകൾ പുറത്ത് വന്നതറിഞ്ഞും നിരവധി ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്താനായി ഇവിടേക്ക് എത്തുന്നുണ്ട്.















