ഭഗവാൻ മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ട വ്രതമാണ് ഏകാദശി. സർവ്വപാപഹരമായ ഈ വ്രതം അതീവ ശ്രദ്ധാഭക്തിയോടെ അനുഷ്ഠിച്ചാൽ രോഗശാന്തി, മനഃശാന്തി, കുടുംബ സ്വസ്ഥത, ആയുരാരോഗ്യം, സമ്പത്ത്, കീർത്തി, ശത്രുനാശം, സന്താന സൗഭാഗ്യം എന്നിവ പ്രദാനം ചെയ്യും എന്നതാണ് വിശ്വാസം.
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ കണക്കാക്കുന്ന തിഥി അനുസരിച്ചാണ് ഏകാദശി വ്രത ദിനം സ്വീകരിക്കുന്നത്. ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്നു തിഥികൾ ആണ് ഏകാദശി വ്രതത്തിൽ സംബന്ധിക്കുന്നത്. ഈ തിഥികൾ വരുന്ന പൂർണ്ണ ദിവസങ്ങളിൽ ആണ് ഏകാദശി വ്രതം എടുക്കേണ്ടത്. ഏകാദശിയുടെ തലേന്ന് ദശമിക്ക് ആരംഭിച്ച് ദ്വാദശിക്ക് പാരണവീടലോടെയാണ് വൃതം അവസാനിക്കുന്നത്.
ഇതും വായിക്കുക
ഗുരുവായൂർ ഏകാദശി ദിവസം ജപിക്കേണ്ട മന്ത്രങ്ങളും കീർത്തനങ്ങളും ഏതൊക്കെ ?……
ഏകാദശീ വ്രതകാലയളവിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തമാണ് ഹരിവാസരസമയം. വാസരം എന്നാൽ ദിനം അല്ലെങ്കിൽ സമയം എന്നർത്ഥം. ഹരിവാസരം എന്നാൽ വിഷ്ണുവിന്റെ സമയം. ഏകാദശി വ്രതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഹരിവാസരം.ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയമാണിത്.ഏതാണ്ട് 24 മിനിട്ടാണ് ഒരു നാഴിക. ചിലപ്പോൾ ഹരിവാസരം12 മണിക്കൂറിലധിക സമയം വരും
വ്രതമനുഷ്ഠിക്കുന്നവർ ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുന്നത് അത്യുത്തമം. ജപങ്ങളും ഈ സമയത്താണ് ചെയ്യേണ്ടത്.
ഇതും വായിക്കുക
ഗുരുവായൂർ ഏകാദശി : എങ്ങിനെ ആചരിക്കണം; വ്രതാനുഷ്ഠാനങ്ങൾ എങ്ങിനെ വേണം ?……
ഹരിവാസരസമയത്തിനു ശേഷം എപ്പോൾ വേണമെങ്കിലും പാരണവീടൽ നടത്താം. ദ്വാദശി കഴിയുന്നതിനു രണ്ടു നാഴിക (48 മിനറ്റ്) മുൻപേ പാരണവീട്ടി വ്രതം അവസാനിപ്പിക്കാം. ദ്വാദശി തിഥി ഉള്ളപ്പോൾ തന്നെ പാരണവീടൽ നടത്തണമെന്നാണ് പ്രമാണം. ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്നു ദിവസവും പകലുറക്കം നിഷിദ്ധമാണ്. ഏകാദശി ദിവസം മാത്രം വ്രതമെടുക്കുന്നവർക്ക് രാത്രിയിലും ഉറക്കം നിഷിദ്ധമാണ്.
മോക്ഷദാ ഏകാദശി എന്ന് പൊതുവെ അറിയപ്പെടുന്ന ഗുരുവായൂർ ഏകാദശിയിലെ ഹരിവാസര സമയം താഴെക്കൊടുക്കുന്നു,ഇക്കുറി ഡിസംബർ 11 ബുധനാഴ്ചയാണ് ഗുരുവായൂർ ഏകാദശി.
ഏകാദശി – ഏകാദശി ആരംഭിക്കുന്നത് 2024 ഡിസംബര്‍ 11 ന് , 03 .46 am മുതൽ 2024 ഡിസംബര്‍ 12 ന് , 01 .12 am വരെ
ഹരിവാസരം – 2024 ഡിസംബര്‍ 11 ന് , 07. 52 pm മുതൽ 2024 ഡിസംബര്‍ 12 ന്, 06. 32 am വരെ (ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയമാണിത് ) . 2024 ഡിസംബര്‍ 12 ന്, 06. 32 am നു ശേഷം ആണ് പാരണ വീടേണ്ടത്.















