പട്ന: ഇൻഡി സഖ്യം നയിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജിയെ അനുവദിക്കണമെന്ന് ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്. എൻഡിഎ സഖ്യത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ഒത്തുചേർന്ന് രൂപീകരിച്ച ഇൻഡി സഖ്യത്തിന്റെ തലപ്പത്തേക്ക് വരാൻ താത്പര്യമുണ്ടെന്ന് മമത ബാനർജി വ്യക്തമാക്കിയതിന് പിന്നാലെയാണ് ആർജെഡിയും നിലപാട് അറിയിച്ചത്.
നേരത്തെ, ലാലുവിന്റെ മകനും മുതിർന്ന ആർജെഡി നേതാവുമായ തേജസ്വി യാദവും സമാനമായ അഭിപ്രായം പങ്കുവച്ചിരുന്നു. ഇൻഡി സഖ്യം ആരു നയിച്ചാലും തനിക്ക് എതിർപ്പില്ലെന്നും തലപ്പത്ത് മമത എത്തിയാലും അംഗീകരിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. എന്നിരുന്നാലും സഖ്യത്തെ നയിക്കുന്നത് ആരാണെന്ന തീരുമാനം കൈക്കൊള്ളേണ്ടത് സമവായ ചർച്ചകളിലൂടെയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പാളയത്തിൽ ഭിന്നത രൂക്ഷമായി വർദ്ധിക്കുന്നുവെന്നാണ് ഇൻഡി നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. മമതയെ പിന്തുണച്ച് കഴിഞ്ഞ ദിവസം വൈഎസ്ആർസിപി നേതാവ് ജഗൻ മോഹൻ റെഡ്ഡിയും രംഗത്തെത്തിയിരുന്നു. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പ്രഹരത്തിന് പിന്നാലെയാണ് ഇൻഡി സഖ്യത്തിൽ ഭിന്നത വീണ്ടും ആളിക്കത്താൻ തുടങ്ങിയത്.















