കുരുക്ഷേത്ര യുദ്ധക്കളത്തിൽ ഭഗവാൻ കൃഷ്ണൻ അർജ്ജുനന് ഗീതോപദേശം നൽകിയ ദിവസത്തിന്റെ സ്മരണയാണ് ഗീതാ ജയന്തി അല്ലെങ്കിൽ ഗീതാ മഹോത്സവം. യുദ്ധക്കളത്തിൽ തളർന്നിരുന്ന അർജുനനെ കടമ, ധർമ്മം, ആത്മീയ ജ്ഞാനം എന്നിവയെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന ഭഗവാൻ കൃഷ്ണനും അർജുനനും തമ്മിലുള്ള സംഭാഷണം 700 ശ്ലോകങ്ങളുള്ള ഒരു വിശുദ്ധ ഗ്രന്ഥമായി, ഭഗവദ് ഗീതയായി ക്രോഡീകരിച്ചിരിക്കുന്നു.
മാർഗശീർഷത്തിലെ ശുക്ലപക്ഷ ഏകാദശി അഥവാ മോക്ഷദാ ഏകാദശി ദിവസമാണ് ഗീതാ ഉദ്ബോധനമുണ്ടായത്. ഭാരത വർഷമൊന്നാകെ നീതി, കടമ, ആത്മീയത എന്നിവയെക്കുറിച്ചുള്ള ഗീതയുടെ കാലാതീതമായ ഉദ്ബോധനങ്ങളെ ബഹുമാനിക്കുന്ന ഈ ദിവസം സാധാരണയായി നവംബറിലോ ഡിസംബറിലോ ആണ് വരിക. ഈ വർഷം ഗീതാ ജയന്തി 2024 ഡിസംബർ 11 ന് ആചരിക്കും.
ഗീതയുടെ പശ്ചാത്തലം മഹാഭാരത യുദ്ധമാണ്, അവിടെ അർജ്ജുനൻ ഒരു ധാർമ്മിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ യുദ്ധത്തിന്റെ ധാർമ്മികതയെയും ഒരു യോദ്ധാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കടമയെയും മനസ്സിലാക്കുവാൻ എന്ന് രീതിയിൽ അവതരിച്ചതാണ് ഭഗവദ് ഗീത. തന്റെ കർത്തവ്യം നിസ്വാർത്ഥമായി നിറവേറ്റാൻ അർജുനനെ പ്രേരിപ്പിച്ചുകൊണ്ട് ഭഗവാൻ കൃഷ്ണൻ അർജ്ജുനന്റെ സംശയങ്ങൾക്ക് ഉത്തരം നൽകി.
ജീവിത തത്വശാസ്ത്രം, കർമ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം എന്നിവയുടെ വിശദമായ വിവരണം ഗീതയിലുണ്ട്. ഈ ഗ്രന്ഥം മതപരമായ വീക്ഷണകോണിൽ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാർഗ്ഗനിർദ്ദേശം നൽകുന്നു.
ഗീതാ ജയന്തി ദിവസം, ലോകമെമ്പാടുമുള്ള ഭക്തർ ഗീതാ വാക്യങ്ങൾ പാരായണം ചെയ്യുന്നു. മോക്ഷദ ഏകാദശിയോട് ചേർന്ന് വരുന്ന ഗീതാജയന്തി ദിനത്തിൽ ഉപവാസം ആചരിക്കുന്നത് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ വ്രതം മുൻകാല പാപങ്ങളെ ശുദ്ധീകരിക്കാനും ആത്മീയ ഉണർവ്വ് നേടാനും സഹായിക്കുന്നു.
ഗീതാജയന്തിയിലെ ഒരു പ്രധാന ആചരണം ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങളും പാരായണം ചെയ്യുന്നതാണ്. ഭക്തർ മണിക്കൂറുകളോളം ഈ ശ്ലോകങ്ങൾ വായിക്കുകയോ ജപിക്കുകയോ ചെയ്യുന്നു. അവയുടെ അർത്ഥങ്ങൾ മനനം ചെയ്യുകയും ഈ തത്വചിന്തകൾ തങ്ങളുടെ ജീവിതത്തിൽ എങ്ങനെ പ്രയോഗിക്കാമെന്ന് ആഴത്തിൽ ചിന്തിക്കുകയും ചെയ്യുന്നു.
ഗീതാ ജയന്തിയുടെ 5161-ാം വാർഷികം ആണ് 2024 ൽ നടക്കുക.