തിരുവനന്തപുരം: നാലു വയസുകാരിയോട് ക്രൂരത. കുട്ടിയുടെ സ്വകാര്യഭാഗത്ത് അദ്ധ്യാപിക മുറിവേൽപ്പിച്ചു. ശുചിമുറിയിൽ പോയതിന് വഴക്കുപറഞ്ഞ ശേഷം മുറിവേൽപ്പിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. സ്കൂളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വിവരം പുറത്തായത്. സംഭവം വാർത്തയായതിന് പിന്നാലെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അദ്ധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
എൽകെജി വിദ്യാർത്ഥിയോടായിരുന്നു ക്രൂരത. കല്ലാട്ടുമുക്ക് ഓക്സ്ഫഡ് സ്കൂളിലെ ടീച്ചറായ സ്ത്രീ കുഞ്ഞിനെ നുള്ളി മുറിവേൽപ്പിക്കുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ കുട്ടി വേദനിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ദേഹം പരിശോധിച്ച മാതാപിതാക്കളാണ് സംഭവം കണ്ടെത്തിയത്.
അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തെന്നാണ് പ്രിൻസിപ്പൽ അറിയിക്കുന്നത്. വാർത്തയ്‌ക്ക് പിന്നാലെ സംഭവത്തിൽ ഇടപെട്ട ബാലാവകാശ കമ്മീഷൻ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു. സംഭവത്തിൽ കുഞ്ഞിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.















