കണ്ണൂർ: മാടായി കോളേജ് നിയമനത്തിൽ കോഴ വാങ്ങിയിട്ടില്ലെന്ന എം കെ രാഘവൻ എംപിയുടെ വാദം നിഷേധിച്ച് ഉദ്യോഗാർത്ഥി ടി വി നിധീഷ്. എം കെ രാഘവൻ പറയുന്നത് കള്ളമാണെന്നും ഇന്റർവ്യൂവിന്റെ പേരിൽ 10 ലക്ഷവും ജോലി ലഭിച്ചാൽ വീണ്ടും 5 ലക്ഷം രൂപയും വാങ്ങിയാണ് മാടായി കോളേജിൽ നിയമനം നടക്കുന്നതെന്നും ടി വി നിധീഷ് ആരോപിച്ചു.
2024 ജൂലൈ 31 നാണ് മാടായി കോളേജ് ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് (ഭിന്നശേഷി വിഭാഗം) മൂന്നും കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരൊഴിവും കാണിച്ച് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചത്. ഡിസംബർ 7 നായിരുന്നു ഇന്റർവ്യൂ. എന്നാൽ മേൽപറഞ്ഞ തസ്തികയിലെ ഒഴിവുകളിലേക്ക് എം കെ രാഘവൻ, ബന്ധുവും സിപിഎം പ്രവർത്തകനായ എം കെ ധനേഷിനെയും മറ്റ് മൂന്ന് സിപിഎം പ്രവർത്തകരെയും കോഴ വാങ്ങി നിയമിക്കാൻ ശ്രമം നടത്തിയെന്നാണ് ആരോപണം.
സ്ഥിരനിയമനമായിരുന്നു നടന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകിയിരുന്നുവെന്നും എന്നാൽ പിന്നീട് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നിധീഷ് പറയുന്നു. അതേസമയം സിപിഎം പ്രവർത്തകരിൽ നിന്നും കോഴ വാങ്ങിയ സംഭവത്തിൽ രാഘവനെതിരായ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം കനക്കുകയാണ്. കോൺഗ്രസിനുള്ളിലുള്ളവർ പാർട്ടിയുടെ ശവക്കുഴി തോണ്ടുകയാണെന്നാണ് ഉയരുന്ന വിമർശനം. രാഘവന്റെ ഇരട്ടത്താപ്പ് എല്ലാവരും അറിയണമെന്നും കോൺഗ്രസ് പ്രവർത്തകർ വിമർശിച്ചു.