കൊച്ചി: മുനമ്പത്തെ വഖ്ഫ് നോട്ടീസിന്മേൽ
താൽക്കാലിക സ്റ്റേ പുറത്തിറക്കാമെന്ന് ഹൈക്കോടതി. ഹർജിക്കാർക്ക് സിവിൽ കോടതിയെ സമീപിക്കുംവരെ താൽക്കാലിക സംരക്ഷണം നൽകാമെന്ന് കോടതി വാക്കാൽ പരാമർശം നടത്തി. വഖ്ഫ് ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കത്തിൽ ഹൈക്കോടതിക്ക് തീരുമാനം എടുക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വഖ്ഫ് നിയമം വിവേചനപരമെന്നു ചൂണ്ടിക്കാട്ടി മുനമ്പത്തെ ഭൂവുടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് അനുഭാവപൂർവമായ ഹൈക്കോടതി പരാമർശം. ഭൂമിയേറ്റെടുക്കാനുള്ള വഖ്ഫ് ബോർഡ് നടപടികളിൽ നിന്നും ഇടക്കാല സംരക്ഷണത്തിന്റെ ഭാഗമായി താൽക്കാലിക സ്റ്റേ പുറത്തിറക്കാമെന്ന് ജസ്റ്റിസുമാരായ അമിത് റാവൽ, കെ.വി.ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വാക്കാൽ വ്യക്തമാക്കി. പക്ഷേ ഹർജിയിലേത് ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമാണ്. മാത്രവുമല്ല ഹർജിയിൽ വഖ്ഫ് നിയമം ചോദ്യം ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിക്കാകില്ലെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. തുടർന്ന് ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അതിനായി ഹർജിക്കാർ സിവിൽ കോടതിയെ സമീപിക്കാനും നിർദേശിച്ചു.
സിവിൽ കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടും വരെ ഇടക്കാല സംരക്ഷണം നൽകാമെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. വഖ്ഫ് കുടിയിറക്ക് ഭീഷണിയിൽ നിന്നും ഹർജിക്കാർക്ക് സംരക്ഷണം നൽകുമെന്നും ഡിവിഷൻ ബഞ്ച് പറഞ്ഞിരുന്നു. മുനമ്പത്തെ തർക്കഭൂമി ഫറൂഖ് കോളജ് അധികൃതരിൽ നിന്ന് തങ്ങളുടെ പൂർവികൾ വാങ്ങിയതാണെന്നും വഖ്ഫ് നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളളതാണ് ഹർജി. വിഷയം ഹൈക്കോടതി 17 ന് വീണ്ടും പരിഗണിക്കും.















