ആലപ്പുഴ: പ്രതിയെ നഗ്നനാക്കിയ ശേഷം ചൊറിയണം തേച്ച സംഭവത്തിൽ ഡിവൈഎസ്പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും വിധിച്ച് കോടതി. ആലപ്പുഴ ഡിവൈഎസ്പിയായ മധുബാബുവിനെയാണ് ചേർത്തല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
2006 ലാണ് കേസിനാസ്പദമായ സംഭവം. ചേർത്തല എസ്‌ഐയായിരുന്ന സമയത്ത് കസ്റ്റഡിയിലെടുത്ത സിദ്ധാർത്ഥനെന്നയാളെ നഗ്നനാക്കിയ ശേഷം ചൊറിയണം തേയ്‌ക്കുകയായിരുന്നു. സിദ്ധാർത്ഥന്റെ പരാതിയിൽ 2007 ലാണ് പൊലീസ് കേസെടുത്തത്.
എന്നാൽ പിന്നീട് കേസിന്റെ നടപടികൾ പൊലീസ് വേഗത്തിലാക്കിയില്ല. 18 വർഷം മുൻപ് നടന്ന കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ആലപ്പുഴയിൽ വിവിധയിടങ്ങളിൽ കയറുഫാക്ടറി പ്രവർത്തിക്കുന്നതിനാൽ വെള്ളവും മറ്റും മലിനമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി സമരത്തിനിറങ്ങിയ വ്യക്തിയായിരുന്നു സിദ്ധാർത്ഥൻ. തുടർന്നുണ്ടായ സംഘർഷത്തിൽ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചൊറിയണം തേയ്‌ക്കുന്നതിന് കൂട്ടുനിന്ന ഹെഡ് കോൺസ്റ്റബിളിനെയും കോടതി ശിക്ഷിച്ചു.















