ടെൽഅവീവ്: ഇസ്രായേൽ-സിറിയൻ അതിർത്തി മേഖല കടന്ന്, സൈന്യം ആക്രമണം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ഇസ്രായേൽ പ്രതിരോധ സേന. അസദ് ഭരണകൂടം വീണതിന് പിന്നാലെ ഇസ്രായേൽ അതിർത്തി കടന്ന് മുന്നേറുകയാണെന്ന തരത്തിൽ പ്രചരണം ശക്തമായിരുന്നു. ഇസ്രായേൽ പ്രതിരോധ സേന ഡമാസ്‌കസിലേക്ക് നീങ്ങിയെന്ന തരത്തിൽ ചില മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന റിപ്പോർട്ടുകൾ പൂർണമായും തെറ്റാണെന്നും ഐഡിഎഫ് വക്താവ് കേണൽ അവിച അദ്രി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഇസ്രായേലിന്റെ അതിർത്തി സംരക്ഷിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും, അതിനായി ബഫർ സോണിനുള്ളിലും അതിർത്തിയോട് ചേർന്നുള്ള മേഖലകളിലുമായി ഐഡിഎഫ് സൈന്യം നിലയുറപ്പിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയയിൽ ഡമാസ്‌കസിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ഗ്രാമമായ ഖത്താനയിൽ ഇസ്രായേൽ സൈന്യം എത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ഐഡിഎഫ് വക്താവിന്റെ പ്രതികരണം,
അസദ് ഭരണകൂടം വീണതിന് പിന്നാലെ സിറിയൻ വിമതർ അതിർത്തി മേഖലകളിലേക്ക് ആക്രമണം അഴിച്ചുവിടുന്നത് തടയുന്നതിന്റെ ഭാഗമായി കൂടുതൽ സൈനികരെ ഇസ്രായേൽ അതിർത്തി മേഖലകളിലായി വിന്യസിച്ചിട്ടുണ്ട്. 235 ച.കി.മീറ്ററിലായിട്ടാണ് ബഫർ സോൺ ഉള്ളത്. 1974ൽ ഇസ്രായേലും സിറിയയും തമ്മിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഐക്യരാഷ്‌ട്രസഭയുടെ ഡിസ്എൻഗേജ്മെന്റ് ഒബ്‌സർവർ ഫോഴ്സിന്റെ സേനയുമായി യോജിച്ചാണ് ഇസ്രായേലിന്റെ നീക്കം.
അതേസമയം അസദ് ഭരണകൂടത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി സിറിയയിലേക്ക് ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇവരുടെ കൈവശം ഉണ്ടായിരുന്ന രാസായുധങ്ങളും ദീർഘദൂര മിസൈലുകളും സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിലേക്കാണ് ആക്രമണം നടത്തിയത്. ആയുധങ്ങളുടെ വിമതസേനയുടെ കൈവശം എത്താതിരിക്കുന്നതിന് വേണ്ടിയാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേൽ വിദേശകാര്യമന്ത്രി ഗിദിയോൻ സാർ പറഞ്ഞു.