കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിമർശനം. മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയതിനാണ് വിമർശനം ഉയർന്നത്. എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര തൃശൂരിലെത്തിയപ്പോൾ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയതിനെയാണ് സമ്മേളന പ്രതിനിധികൾ വിമർശിച്ചത്. തെരഞ്ഞെടുപ്പ് വേളയിൽ എകെ ബാലൻ നടത്തിയ ‘മരപ്പട്ടി’ പരാമർശം അനവസരത്തിലായിരുന്നു എന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ശ്രീലങ്കയിൽ കമ്മ്യൂണിസ്റ്റുകാർ ഒരുമിച്ച് അധികാരം പിടിച്ചുവെന്ന എംഎ ബേബിയുടെ പരാമർശത്തിന്, ഇന്ത്യയിൽ എന്തുകൊണ്ട് അത് യാഥാർത്ഥ്യമാകുന്നില്ല എന്നായിരുന്നു ഒരു പ്രതിനിധിയുടെ മറുചോദ്യം. മേൽത്തട്ടിലേയും താഴ്‌ത്തട്ടിലേയും ജനപ്രതിനിധികൾക്ക് രണ്ട് നീതിയാണോ എന്നും ചോദ്യമുയർന്നു.
എംഎൽഎയായ എംവി ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയും എംഎൽഎയായ വി. ജോയിക്ക് ജില്ലാ സെക്രട്ടറിയുമാകാം. എന്നാൽ പഞ്ചായത്ത് അംഗമായ വ്യക്തിക്ക് ലോക്കൽ സെക്രട്ടറി ആകാൻ സാധിക്കില്ല. ഇതെന്തു നീതിയാണെന്ന ചോദ്യവും പ്രതിനിധികൾ ഉന്നയിച്ചു.
സീതാറാം യെച്ചൂരിയുടെ മരണത്തിന് ശേഷം പാർട്ടി ജനറൽ സെക്രട്ടറിയെ കണ്ടെത്താനാകാത്തതിലും വിമർശനം ഉയർന്നു. ഇൻഡി മുന്നണിക്ക് നേതൃത്വം നൽകാൻ ചുക്കാൻ പിടിച്ചത് സിപിഎം ആണ്. എന്നാൽ ഇൻഡി മുന്നണിയിൽ സിപിഎം ഉണ്ടോയെന്ന് ഇപ്പോൾ വ്യക്തമല്ലാത്ത അവസ്ഥയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
എം. മുകേഷ് എംഎൽഎക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ കൈവശമിരിക്കെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുകേഷിനെ എന്തിന് സ്ഥാനാർഥിയാക്കി എന്നായിരുന്നു പ്രതിനിധികളുടെ ചോദ്യം. മറ്റാരെയെങ്കിലും മത്സരിപ്പിച്ചിരുന്നുവെങ്കിൽ ഇത്ര കടുത്ത പരാജയം നേരിടേണ്ടി വരില്ലായിരുന്നു. ആരുടെ നിർദേശപ്രകാരമാണ് മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത് എന്നും ചോദ്യമുയർന്നു.
കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി ജയരാജനെതിരെയും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ല ഇ.പിയുടേതെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം രാവിലെ ഇ.പി നടത്തിയ വെളിപ്പെടുത്തൽ ഇടതിന് തിരിച്ചടിയായി എന്നും വിലയിരുത്തലുണ്ടായി.
വിമർശനങ്ങൾ ശക്തമാകുന്നതിനിടെ സിപിഎം കൊല്ലം ജില്ലാ സമ്മേളനം ഇന്ന് രണ്ടാം ദിനത്തിലേക്ക് കടക്കുകയാണ്. പാർട്ടിക്കുള്ളിലെ വിഭാഗീയതയും ബിജെപിയുടെ വളർച്ചയിലെ ആശങ്കയുമൊക്കെയായിരുന്നു ആദ്യ ദിനം പ്രവർത്തന റിപ്പോർട്ടിലൂടെ പുറത്തുവന്നത്. ജില്ലാ സെക്രട്ടറി എസ് സുദേവൻ അവതരിപ്പിച്ച റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച ഇന്നും തുടരും. നാളെയാണ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കുക.















