മുംബൈ: പുഷ്പ 2 സിനിമ വൻ കളക്ഷൻ നേടി ബോക്സോഫീസിൽ കുതിക്കുന്നതിനിടെ വിവിധ പതിപ്പുകൾ യൂട്യൂബിൽ. മിന്റുകുമാർ മിന്റുരാജ് അക്കൗണ്ടിൽ നിന്ന് അപ്ലോഡ് ചെയ്ത ഹിന്ദി പതിപ്പ് 25 ലക്ഷത്തിലധികം പേരാണ് കണ്ടത്. സിനിമയുടെ തിയേറ്റർ പതിപ്പാണ് അപ്ലോഡ് ചെയ്തിരുന്നത്.
സംഗതി വൈറലയാതോടെ പതിപ്പ് നീക്കം ചെയ്തു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പരാതിയെ തുടർന്നാണ് ഇതുമാറ്റിയത്. എന്നാൽ മറ്റ് നിരവധി അക്കൗണ്ടുകളിൽ നിന്ന് വീണ്ടും ചിത്രം അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ഇപ്പോഴും യൂട്യൂബിൽ ലഭ്യമാണ്.
6 ദിവസത്തിനിടെ പുഷ്പയുടെ ആകെ കളക്ഷൻ 1,000 കോടി കടന്നെന്നാണ് വിവരം. തിയേറ്ററിൽ ചിത്രം നിറഞ്ഞോടുമ്പോഴാണ് യൂട്യൂബിൽ വ്യാജ പതിപ്പുകൾ അപ്ലോഡ് ചെയ്യപ്പെടുന്നത്. ആയിരം കോടി ക്ലബ്ബിൽ അതിവേഗമെത്തിയ ചിത്രമെന്ന റെക്കോർഡ് ഇനി പുഷ്പ 2-നാണ്. ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് അല്ലു അർജുൻ ( Allu Arjun ) നായകനായെത്തിയ ഈ ചിത്രം. സുകുമാർ സംവിധാനം ചെയ്ത Pushpa 2: The Rule ഡിസംബർ അഞ്ചിനായിരുന്നു റിലീസ് ചെയ്തത്. കേരളത്തിൽ സമ്മിശ്രപ്രതികരണങ്ങളാണ് സിനിമ നേടിയത്.