കൊച്ചി: നാവികസേനയുടെ ആളില്ലാ നിരീക്ഷണ ചെറുവിമാനമായ സെർച്ചർ ‘മാർക്ക് 2‘ (Searcher Mk II) ഡി കമ്മിഷൻ ചെയ്തു. 22 വർഷത്തെ സേവനത്തിനൊടുവിലാണ് നടപടി. നാവിക സേനയുടെ വ്യോമ നിരീക്ഷണ രംഗത്ത് പുതിയ അദ്ധ്യായം എഴുതിക്കുറിച്ച ആളില്ലാ ചെറുവിമാനമാണ് Mk 2.

ദക്ഷിണ നാവികസേനയുടെ വ്യോമകേന്ദ്രമായ ഐഎൻഎസ് ഗരുഡയിൽ നടന്ന ചടങ്ങിൽ സെർച്ചർ അവസാനമായി വ്യോമ നിരീക്ഷണം നടത്തി പറന്നിറങ്ങി. ആകാശത്ത് വട്ടമിട്ടു പറന്നശേഷം റൺവേയിൽ ലാൻഡ് ചെയ്തതോടെ ചരിത്ര താളിൽ മറ്റൊരു അദ്ധ്യായമാണ് മറഞ്ഞത്. വ്യോമ നിരീക്ഷണത്തിൽ നാവിക സേനയുടെ കരുത്തായിരുന്നു സെർച്ചർ. 2002ൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ ഈ ചെറുവിമാനം, രണ്ട് ദശാബ്ദങ്ങൾ നീണ്ട സേവനത്തിന് ശേഷമാണ് ഡി കമ്മിഷൻ ചെയ്യപ്പെട്ടത്.
INAS 342 squadron-ൽ ഘടിപ്പിച്ചിരുന്ന എട്ട് സെർച്ചർ ആളില്ലാ വിമാനങ്ങളും ഡി കമ്മിഷൻ ചെയ്തു. ചടങ്ങിൽ ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ഉപൽ കുന്ദു അദ്ധ്യക്ഷത വഹിച്ചു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിലും സെർച്ചറുകൾ ഉപയോഗിക്കപ്പെട്ടിരുന്നു. അഗ്നിബാധയെ തുടർന്ന് പുക ഉയർന്നപ്പോൾ മാലിന്യ കൂമ്പാരത്തിൽ തീപടർന്ന പ്രദേശം കണ്ടെത്തി അത് അണയ്‌ക്കാനുള്ള ശ്രമങ്ങൾക്ക് സഹായമായിരുന്നത് സെർച്ചർ ആണ്.















