ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരം ‘ചാമ്പ്യൻ ഓഫ് ദ എർത്ത്’ ഇന്ത്യയുടെ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്. പരിസ്ഥിതിക്കായുള്ള പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്‌ട്രസഭ നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണിത്.
‘ലൈഫ് ടൈം അച്ചീവ്മെൻ്റ്’ പുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. ജൈവവൈവിധ്യ സമ്പന്നവും പരിസ്ഥിതിലോലവുമായ പശ്ചിമഘട്ട മേഖലയിലെ പ്രവർത്തനമാണ് ഗാഡ്ഗിലിനെ പുരസ്കാരത്തിന് അർഹനാക്കിയത്. പതിറ്റാണ്ടുകളായി ഗവേഷണത്തിലൂടെയും പൊതുജന പങ്കാളിത്തത്തിലൂടെയും ജനങ്ങളെയും ഭൂമിയെയും ഗാഡ്ഗിൽ സംരക്ഷിച്ചുവരുന്നു. പശ്ചിമഘട്ട മേഖലയെ സംരക്ഷിക്കുന്നതിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ലോകത്തെയാകെ ആകർഷിച്ചിട്ടുണ്ട്.
ഗാഡ്ഗിലിന് പുറമേ ബ്രസീലിയൻ മന്ത്രി സോണിയ ഗ്വാജജാറ (പോളിസി ലീഡർഷിപ്പ്), യുഎസിലെ എയ്മി ബൊവ്ഴ്സ് കോർഡാലിസ് (ഇൻസ്പിരേഷൻ ആൻഡ് ആക്ഷൻ), റൊമാനിയിലെ ഗബ്രിയേൽ പൗൻ (ഇൻസ്പിരേഷൻ ആൻഡ് ആക്ഷൻ), ചൈനീസ് ശാസ്ത്രജ്ഞൻ ലു ചി (സയൻസ് ആൻഡ് ഇനവേഷൻ), സുസ്ഥിര കാർഷിക സംരംഭമായ സെകെം (ഓന്തപ്രണേറിയൽ വിഷൻ) എന്നിവരാണ് ഈ വർഷത്തെ ) ‘ചാമ്പ്യൻ ഓഫ് ദ എർത്ത്’ പുരസ്കാരം നേടിയ മറ്റുള്ളവർ.
പരിസ്ഥിതി മേഖലയിൽ ഐക്യരാഷ്‌ട്രസഭ നൽകുന്ന ഉയർന്ന ബഹുമതിയാണ് ചാമ്പ്യൻ ഓഫ് ദ എർത്ത്’ പുരസ്കാരം. 2005-ൽ ആരംഭിച്ച പുരസ്കാരം 122 പേരാണ് ഇതുവരെ സ്വന്തമാക്കിയത്. 2018-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ‘പോളിസി ലീഡർഷിപ്പ്’ വിഭാഗത്തിൽ ചാമ്പ്യൻസ് ഓഫ് ദ എർത്ത് പുരസ്കാരം കരസ്ഥമാക്കിയിരുന്നു.















