കോളേജ് മാഗസിനിൽ പലസ്തീൻ അനുകൂല ലേഖനമെഴുതിയ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ യുഎസിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ( എംഐടി) സസ്പെന്റ് ചെയ്തു. പിഎച്ച്ഡി വിദ്യാർത്ഥിയായ പ്രഹ്ലാദ് അയ്യങ്കാറിനെയാണ് 2026 ജനുവരി വരെ പുറത്താക്കിയത്. അഞ്ച് വർഷത്തെ നാഷണൽ സയൻസ് ഫൗണ്ടേഷൻ ഗ്രാജ്വേറ്റ് റിസർച്ച് ഫെലോഷിപ്പ് അവസാനിപ്പിക്കാനും എംഐടി തീരുമാനിച്ചു.
ഇലക്ട്രിക്കൽ എൻജിനീയറിങ് ആൻഡ് കംപ്യൂട്ടർ സയൻസ് വിഭാഗത്തിലാണ് പ്രഹ്ലാദ് പിഎച്ച്ഡി ചെയ്യുന്നത്. പലസ്തീൻ അനുകൂല റാലികളിൽ പങ്കെടുത്തതിന് 2023ലും യുവാവിനെ സസ്പെൻഡ് ചെയ്തിരുന്നു.
സ്റ്റുഡൻ്റ് മാഗസിനായ റൈറ്റൻ റെവല്യൂഷനിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ആക്രമത്തിന് ആഹ്വാനം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മാസികയും നിരോധിച്ചിട്ടുണ്ട്. തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് പലസ്തീന്റെ ലോഗോയും ചിത്രങ്ങളും ലേഖനത്തിൽ ഉൾപ്പെടുത്തിയത് അതീവ ഗൗരവമായാണ് കാണുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വ്യക്തമാക്കി.
2020 വരെ സാധാരണ വിദ്യാർത്ഥിയായിരുന്നു പ്രഹ്ലാദ്. 2019-ൽ യൂറോപ്പിലുടനീളം സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്ന ഫോട്ടോകൾ യുവാവ് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉപനയനം നടത്തി പൂണുൽ ധരിച്ച് നടന്നിരുന്ന പ്രഹ്ളാദിന്റെ പെട്ടെന്നുള്ള മാറ്റം സഹ വിദ്യാർത്ഥികൾക്ക് വിശ്വസിക്കാൻ പോലും ആകുന്നില്ല.