ബോക്സോഫീസ് തകർത്ത് വമ്പൻ കളക്ഷനുമായി മുന്നേറുകയാണ് പുഷ്പ 2. ഡിസംബർ 5ന് പുറത്തിറങ്ങിയ ചിത്രം ആദ്യ ദിനത്തിൽ 300 കോടി രൂപയിലധികം കളക്ഷൻ നേടിയിരുന്നു. ഒരാഴ്ച പിന്നിടുമ്പോഴും നിലയ്ക്കാത്ത ജൈത്രയാത്ര തുടരുകയാണ് പുഷ്പരാജും കൂട്ടരും. ഇതിനിടെ നടൻ സിദ്ധാർത്ഥ് പുഷ്പ 2 വിനെതിരെ നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
യൂട്യൂബർ മദൻ ഗൗരിയുമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ വിവാദ പരാമർശം. ബിഹാറിൽ നടന്ന പുഷ്പ 2 വിന്റെ പ്രമോഷനുമായി ബന്ധപ്പെടുത്തിയായിരുന്നു മദൻ ഗൗരി ചോദിച്ചത്. ”പട്നയിൽ വൻ ജനാവലിയായിരുന്നു അല്ലു അർജുനെ കാണാനായി പുഷ്പ 2വിന്റെ പ്രമോഷൻ പരിപാടിക്കെത്തിയത്. എന്തുതോന്നുന്നുവെന്നായിരുന്നു” യൂട്യൂബറിന്റെ ചോദ്യം. ഇതെല്ലാം മാർക്കറ്റിംഗിന്റെ ഭാഗമായാണെന്നും കൂട്ടം കൂടുന്നത് ഇന്ത്യയിൽ വലിയ കാര്യമുള്ള സംഭവമല്ലെന്നുമായിരുന്നു സിദ്ധാർത്ഥിന്റെ മറുപടി.
SHOCKING: Siddharth compares Pushpa 2 patna event with crowd which comes to watch JCB construction👷🚧🏗️ pic.twitter.com/BMyVUo3sWa
— Manobala Vijayabalan (@ManobalaV) December 10, 2024
ഒരു സ്ഥലത്ത് ജെസിബി വന്നാൽ പോലും കൂട്ടം കൂടാനും അത് കാണാനും ആളുകൾ ഉണ്ടായിരിക്കും. ബിഹാറിൽ ഇങ്ങനെ കൂട്ടം കൂടുന്നത് കാര്യമാക്കിയെടുക്കാൻ സാധിക്കില്ല. എന്നാൽ ഇതിനും ക്വാളിറ്റിക്കും ബന്ധമില്ല. കൂട്ടം കൂടുന്നയിടത്തെല്ലാം വിജയമുണ്ടെങ്കിൽ രാഷ്ട്രീയത്തിൽ എല്ലാ സ്ഥാനാർത്ഥികളും ജയിക്കേണ്ടതല്ലേ? ഇന്ത്യയിൽ കയ്യടി വാങ്ങാൻ ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ അങ്ങനെ കയ്യടി വാങ്ങുന്നവരാണ് വലിയ ആളുകൾ എന്ന് വിചാരിക്കാൻ സാധിക്കില്ലെന്നും സിദ്ധാർത്ഥ് പറഞ്ഞു.
നടന്റെ പരാമർശം വൻ തോതിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. അല്ലു അർജുന്റെ പടങ്ങൾക്ക് എല്ലാ സ്ഥലങ്ങളിലും ഒരുപോലെ സ്വീകാര്യത ലഭിക്കുന്നതിന്റെ അസൂയയാണ് സിദ്ധാർത്ഥിനെന്നാണ് ഉയരുന്ന വിമർശനം. നടന്റെ ഇന്ത്യൻ-2 പരാജയപ്പെട്ടതിന്റെ എല്ലാ വിഷമവും സിദ്ധാർത്ഥിന്റെ മുഖത്തുണ്ടെന്നും ചിലർ പറയുന്നു. കയ്യടികൾ കിട്ടാൻ എളുപ്പമാണെങ്കിൽ എന്തുകൊണ്ടാണ് സിദ്ധാർത്ഥിന്റെ സിനിമകൾ ആരും കാണാൻ വരാത്തതെന്നും ചിലർ ചോദിച്ചു.