ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ മാറ്റിയതിനെതിരായ ഹർജിയിൽ ദേവസ്വം ബോർഡ് ഭരണസമിതിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. ആചാരങ്ങൾ അതേ പടി തുടരേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിന്റെ വെബ്സൈറ്റിലെ പൂജയുടെ പട്ടിക അതേപടി നിലനിർത്താനും കോടതി നിർദ്ദേശിച്ചു.
വർഷങ്ങളായി തുടരുന്ന ആചാരമാണെന്നും അതേപടി തുടരേണ്ടതായിരുന്നുവെന്ന നിരീക്ഷണവും സുപ്രീംകോടതി നടത്തി. വൃശ്ചിക മാസത്തിലെ നടത്തേണ്ട ഏകാദശി പൂജ തുലാം മാസത്തിലേക്കാണ് ഭരണസമിതി മാറ്റിയത്. ആചാരലംഘനമാണെന്നും തീരുമാനം റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ ഉത്തരവ് ഉണ്ടാകാതെ വന്നതോടെയാണ് തന്ത്രി കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. ഉദയാസ്തമന പൂജ മാറ്റുന്നത് ക്ഷേത്രത്തിന്റെ ചൈതന്യത്തെ ബാധിക്കുമെന്നും ആചാരങ്ങൾ മാറ്റുന്നത് ദേവഹിതത്തിനെതിരാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഏകാദശി ദിവസം വ്രതം നോറ്റ് പതിനായിരക്കണക്കിന് ഭക്തരാണ് ഗുരുവായൂർ ക്ഷേത്രനടിയിലെത്തുന്നത്. ഉദയാസ്തമന പൂജ സമയത്ത് പലതവണ നട അടയ്‌ക്കേണ്ടതായി വരുമെന്നും ഇത് ഭക്തർക്ക് അസൗകര്യം ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വൃശ്ചികമാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമന പൂജ തുലാം മാസത്തിലെ ഏകാദശി നാളിൽ നടത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്. പൂജ ആചാരമല്ലെന്നും വഴിപാട് മാത്രമാണെന്നും അതിനാൽ തന്നെ ആചാര ലംഘനം നടക്കുന്നില്ലെന്നതായിരുന്നു ഭരണസമിതിയുടെ വാദം.