തിരുവനന്തപുരം: ഹൈക്കോടതിയുടെ വിമർശനത്തിന് പുല്ലുവില നൽകി വീണ്ടും റോഡ് കയ്യേറി സത്യഗ്രഹ സമരം. സിപിഎമ്മിന് പിന്നാലെ സിപിഐയാണ് റോഡ് കയ്യേറിയത്. സെക്രട്ടറിയറ്റിന് മുന്നിലെ റോഡ് കയ്യേറി സിപിഐ അനുകൂല സർവീസ് സംഘടനയാണ് സമരം നടത്തിയത്.
ജോയിന്റ് കൗൺസിലിന്റെ രാപ്പകൽ സത്യഗ്രഹ വേദിയാണിത്. വഞ്ചിയൂരിന് സമാനമായാണ് സെക്രട്ടറിയറ്റിന് മുന്നിലും വേദിയൊരുക്കിയിരിക്കുന്നത്. ജോയിന്റ് കൗൺസിലിന്റെ സംസ്ഥാന പ്രസിഡന്റ് ജയചന്ദ്രൻ കല്ലിങ്കൽ അടക്കമുള്ള നേതാക്കൾ വേദിയിലെത്തിയിരുന്നു.
നടപ്പാതയും റോഡും കയ്യേറിയുള്ള സിപിഐയുടെ സമരം ഗതാഗതം തടസപ്പെടുത്തി. സംഭവം കണ്ടില്ലെന്ന് നടിക്കുന്ന സമീപനമായിരുന്നു അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഗതാഗതം തടസപ്പെടുത്തുന്ന രീതിയിലല്ല വേദി കെട്ടിയിരിക്കുന്നതെന്നും അപാകതകളുണ്ടെങ്കിൽ പരിശോധിക്കുമെന്നുമായിരുന്നു സമരം ഉദ്ഘാടനം ചെയ്ത സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ വാദം.
കഴിഞ്ഞ ദിവസം വഞ്ചിയൂർ റോഡ് കയ്യടക്കി സിപിഎം സമരവേദി നിർമ്മിച്ചതിന് പിന്നാലെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഗതാഗത കുരുക്കുണ്ടാക്കിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടുകയും സർക്കാരിനെ വിമർശിക്കുകയും ചെയ്തു. കോടതി ഇടപെട്ടതോടെ മുഖം രക്ഷിക്കാനായി പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണ് കേസ്.
കണ്ണൂരിലെ സിപിഎം പരിപാടിക്കിടയിലും കെഎസ്ആർടിസി ബസ് കുടുങ്ങി ഗതാഗത കുരുക്കുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ താക്കീതിന് പുല്ലുവില നൽകി സിപിഐയും രംഗത്തെത്തിയിരിക്കുന്നത്.