ഹൈദരാബാദ്: മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച് തെലുങ്ക് നടൻ മോഹൻ ബാബു. സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടിൽ നടക്കുന്ന പ്രശ്‌നങ്ങൾ അറിയിക്കുന്നതിനായി മോഹൻ ബാബു വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതിനിടെ മകൻ മനോജ് മഞ്ചു വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ മോഹൻ ബാബുവും മകനും തർക്കങ്ങളുണ്ടായി. ദൃശ്യങ്ങൾ പകർത്താൻ മാദ്ധ്യമ പ്രവർത്തകർ ശ്രമിച്ചതോടെ മോഹൻ ബാബു മാദ്ധ്യമങ്ങൾക്ക് നേരെ തിരിയുകയായിരുന്നു.
മാദ്ധ്യമപ്രവർത്തകന്റെ കയ്യിൽ നിന്നും മൈക്ക് തട്ടിപ്പറിച്ച മോഹൻ ബാബു ഇതുപയോഗിച്ച് മർദ്ദിച്ചു. മാദ്ധ്യമപ്രവർത്തകന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് മകനും മകൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മോഹൻ ബാബു രംഗത്തെത്തിയത്. മകനും മരുമകളും തന്റെ വീട്ടിൽ അതിക്രമിച്ച് കയറി സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുകയാണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമായിരുന്നു ആരോപണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പൊലീസിൽ പരാതി നൽകി. മകനും കൂട്ടുകാരും സാമൂഹിക വിരുദ്ധരാണെന്നും നടൻ നൽകിയ പരാതിയിൽ പറയുന്നു.















